ചെന്നൈ: അഴിമതി കേസില്‍ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പിരിച്ചുവിട്ട നടപടി മരവിപ്പിച്ച് ഗവര്‍ണര്‍ ആര്‍എന്‍ രവി. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഇല്ലാതെയാണ് മന്ത്രിയെ ഗവര്‍ണര്‍ ആര്. എന്‍ രവി പുറത്താക്കിയിരുന്നത്. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്നാട് ഗവര്‍ണറുടെ അസാധാരണ നടപടി.
സെന്തില്‍ വകുപ്പില്ലാത്ത മന്ത്രിയായി തുടരും. അറ്റോര്‍ണി ജനറലില്‍ നിന്നും നിയമോപദേശം തേടിയതിന് ശേഷമാണ് ഉത്തരവ് മരവിപ്പിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു.
ഗവര്‍ണറുടെ അസാധാരണ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങിയിരുന്നു സര്‍ക്കാര്‍. കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെ നിരവധി അഴിമതിക്കേസുകളില്‍ മന്ത്രി വി സെന്തില്‍ ബാലാജി ഗുരുതരമായ ക്രിമിനല്‍ നടപടികള്‍ നേരിടുകയാണ്. അതിനിടെയാണ് ഉത്തരവ് പിന്‍വലിച്ചതായി അറിയിച്ചത്.
സെന്തില്‍ മന്ത്രി സഭയില്‍ തുടരുന്നത് അന്വേഷണത്തെ വഴി തെറ്റിക്കുമെന്ന് തമിഴ്നാട് രാജ്ഭവന്റെ പത്രക്കുറിപ്പില്‍ പറയുന്നു. നിലവില്‍ വകുപ്പില്ലാ മന്ത്രിയായി തമിഴ്നാട് മന്ത്രിസഭയില്‍ തുടരുകയായിരുന്നു സെന്തില്‍ ബാലാജി.
ജൂണ്‍ 13 നാണു മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മന്ത്രിയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കസ്റ്റഡി കാലാവധി നീട്ടി. ജൂലൈ 12 വരെയാണ് കാലാവധി നീട്ടിയത്.
Discussion about this post