രഥോത്സവ ഘോഷയാത്ര ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ, പരിക്കേറ്റവര്‍ക്ക് 50,000 രൂപ; നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അഗര്‍ത്തല: ത്രിപുരയില്‍ രഥോത്സവ ഘോഷയാത്രക്കിടെ ഷോക്കേറ്റ് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മരിച്ചവരുടെ കുടംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ത്രിപുരയിലെ ഉനകോട്ടി ജില്ലയില്‍ വാര്‍ഷിക രഥോത്സവത്തിന് ശേഷം നടക്കുന്ന ‘ഉള്‍ത്തോ രഥ്’ ആഘോഷത്തിനിടെ ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി കമ്പിയില്‍ രഥം സ്പര്‍ശിച്ചതോടെയാണ് വൈദ്യുതാഘാതമേറ്റത്. ആറ് പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. 16 പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. സംഭവം അതിദാരുണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് തദ്ദേശ ഭരണകൂടം മുഴുവന്‍ സഹായങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി മണിക് സാഹ സംഭവ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. സംഭവം അതിദാരുണമെന്നും ത്രിപുര ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Read Also: ‘എനിക്കു വിശക്കുന്നു.. പട്ടിണിയാണ്’ : ട്രാഫിക് വാര്‍ഡന്റെ ജോലി ആവശ്യപ്പെട്ട് പെരുമ്പാവൂരിലെ ജിഷയുടെ അമ്മ

ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ചതായിരുന്നു അപകടത്തിനിടയാക്കിയ രഥം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഥം എങ്ങനെ വൈദ്യുത കമ്പിയില്‍ ഇടിച്ചുവെന്നും അന്വേഷണം നടക്കുന്നുണ്ട്.

Exit mobile version