ഉത്തര്‍പ്രദേശ്: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം. ചന്ദ്രശേഖര്‍ വെടിയുണ്ടയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ആസാദിന്റെ കാറിന് നേരെ രണ്ട് ബുള്ളറ്റുകളാണ് ഉതിര്‍ത്തത്. ആദ്യത്തെ ബുള്ളറ്റ് വാതിലിലൂടെ കടന്നുപോകുമ്പോള്‍ ചന്ദ്രശേഖര്‍ ആസാദിന്റെ അരക്കെട്ടില്‍ ഉരസി പരിക്കേല്‍ക്കുകയായിരുന്നു. ഈ ബുള്ളറ്റ് വാഹനത്തിന്റെ സീറ്റിലാണ് തറച്ചത്. രണ്ടാമത്തെ ബുള്ളറ്റ് കാറിന്റെ പിന്‍വാതിലില്‍ തട്ടി തലനാരിഴ വ്യത്യാസത്തില്‍ കടന്നുപോയി.
ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രശേഖര്‍ ആസാദിന് നേരെ കാറിലെത്തിയ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റെങ്കിലും തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം. ഇളയ സഹോദരനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഒപ്പം കാറില്‍ സഹാറന്‍പൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ഹരിയാന രജിസ്‌ട്രേഷന്‍ കാറില്‍ എത്തിയ സംഘമാണ് വെടിയുതിര്‍ത്തത്.
ടൊയോട്ട ഫോര്‍ച്യൂണറില്‍ യാത്ര ചെയ്യവെയാണ് ഭീം ആര്‍മി നേതാവിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ ആസാദിന്റെയും കേടുപാടുകള്‍ സംഭവിച്ച വാഹനത്തിന്റെയും ചിത്രങ്ങള്‍ ഭീം ആര്‍മി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ചന്ദ്രശേഖര്‍ ആസാദ് അപകടനില തരണം ചെയ്തു എന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരം. നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് ആസാദ്. മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ആസാദിനെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.