ന്യൂഡൽഹി: കൃത്രിമ ഗർഭധാരണത്തിനായി ദമ്പതികളുടെ സമ്മതമില്ലാതെ മറ്റൊരാളുടെ ബീജം ഉപയോഗിച്ചെന്ന പരാതിയിൽ ആശുപത്രിക്ക് ഒന്നരക്കോടി രൂപ പിഴ. പടിഞ്ഞാറൻ ഡൽഹിയിലെ ഒരു ആശുപത്രിയ്ക്കാണ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (NCDRC) പിഴ ചുമത്തിയത്.
കൃത്രിമ ബീജസങ്കലനത്തിനായി ശേഖരിച്ച തന്റെ ബീജത്തിന് പകരമായി മറ്റൊരാളുടെ ബീജമാണ് ഉപയോഗിച്ചതെന്ന് ദമ്പതികൾ പരാതിപ്പെട്ട സംഭവത്തിലാണ് കമ്മീഷന്റെ നടപടി. കുഞ്ഞുങ്ങൾ പിറന്ന് 15 വർഷങ്ങൾക്ക് ശേഷമാണ് നടപടി സ്വീകരിച്ചത്.
2008ൽ നടത്തിയ ഐവിഎഫ് ചികിത്സയിലൂടെയാണ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറന്നത്. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലൂടെയായിരുന്നു കുഞ്ഞുപിറന്നത്. കൃത്രിമബീജസങ്കലനത്തിലൂടെ മാത്രമേ ഗർഭസാധ്യതയുള്ളൂവെന്ന ഡോക്ടറുടെ നിർദേശപ്രകാരം ഭാര്യ ഇൻട്രാ സൈറ്റോപ്ലാസ്മിക് ബീജകുത്തിവെപ്പിന് വിധേയമാവുകയായിരുന്നു.
ചികിത്സയ്ക്ക് ഭർത്താവിന്റെ ബീജംതന്നെയാണ് ഉപയോഗിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. 2008ൽ ചികിത്സ നടത്തി പിന്നീട് 2009ലാണ് ഇവർക്ക് ഇരട്ട പെൺകുട്ടികൾ ജനിച്ചത്. എന്നാൽ ഇരട്ടകളിൽ ഒരാളുടെ രക്തഗ്രൂപ്പ് മറ്റൊരാളുമായി ചേരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് സംശയം ഉയർന്നത്.
പിന്നീട് നടന്ന പരിശോധനയിൽ ബീജം നിക്ഷേപിച്ചതിൽ കൃത്രിമം നടന്നെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ അശ്രദ്ധയ്ക്കും സേവനത്തിലെ അപാകത്തിനും നഷ്ടപരിഹാരമായി രണ്ടുകോടി രൂപ ആവശ്യപ്പെട്ട് ദമ്പതികൾ ഉപഭോക്തൃ കമ്മീഷനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു.
കമ്മീഷൻ നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ തെറ്റായ ചികിത്സാ രീതികൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആശുപത്രി ചെയർപേഴ്സണും ഡയറക്ടറും ചേർന്ന് ഒരുകോടി രൂപയും ചികിത്സയുടെ ഭാഗമായിരുന്ന മൂന്ന് ഡോക്ടർമാർ 10 ലക്ഷം രൂപ വീതവും ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കമ്മിഷൻ ഉത്തരവിടുകയായിരുന്നു.
ALSO READ- ബിസിനസിനായി പണം വേണം; വ്യാപാരിയെ വിലങ്ങിൽ ബന്ധിച്ച് കാറിനകത്തിട്ട് ലോക്ക് ചെയ്തു; പ്രതിയായ പോലീസുകാരൻ അറസ്റ്റിൽ
ഈ തുക കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ തുല്യ അനുപാതത്തിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിക്കണമെന്നാണ് നിർദേശം. കുട്ടികളുടെ രക്ഷിതാക്കളായ ദമ്പതികളായിരിക്കും നോമിനി. കുട്ടികളുടെ പരിചരണത്തിനും ക്ഷേമത്തിനുമായി പലിശ പിൻവലിക്കാൻ ദമ്പതികൾക്ക് അനുവാദവും കോടതി നൽകിയിട്ടുണ്ട്.
Discussion about this post