അലഹബാദ്: പ്രഭാസ് ചിത്രം ആദിപുരുഷിനെതിരെ പ്രതിഷേധവും ട്രോളുകളും നിറയുകയാണ്. രൂക്ഷ പരിഹാസമാണ് ചിത്രം നേരിടുന്നത്. അലഹബാദ് ഹൈക്കോടതിയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്.
പ്രേക്ഷകരെല്ലാം തലച്ചോറില്ലാത്തവര്‍ ആണെന്നാണോ നിങ്ങള്‍ കരുതിയത്, സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ എന്ത് ഇടപെടലാണ് നടത്തിയതെന്ന് മനസിലാവുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് മനോജ് മുന്താഷിര്‍ ശുക്ലയ്ക്ക് കോടതി നോട്ടിസ് അയച്ചിരുന്നു. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുവെന്നാരോപിച്ച് ആദിപുരുഷ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ഇത് വളരെ ഗുരുതരമായ വിഷയമാണെന്നും ചിത്രം കണ്ട് ജനങ്ങള്‍ ക്രമസമാധാനനില തകര്‍ക്കാതിരുന്നത് നന്നായെന്നും കോടതി വിലയിരുത്തി.
ചിത്രത്തില്‍ വിവാദമായ ചില സംഭാഷണ ശകലങ്ങള്‍ നേരത്തെ തന്നെ ആദിപുരുഷിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കിയിരുന്നു. എല്ലാ തിയേറ്ററുകളിലും ഹനുമാന് ഒരു സീറ്റ് ഒഴിച്ചിടുമെന്ന പ്രഖ്യാപനവും പരിഹാസം നേരിട്ടിരുന്നു.