ജലന്ധര്‍: ഇന്ത്യയില്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്റ്റെം സെല്‍ റിസേര്‍ച്ച്, ടെസ്റ്റ് ട്യൂബ് ബീജസങ്കലനം എന്നിവ നടന്നിരുന്നുവെന്ന് ആന്ധ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നാഗേശ്വര്‍ റാവു. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണ് നാഗേശ്വര്‍ റാവു ഇങ്ങനെ പറഞ്ഞത്. മഹാഭാരതത്തിലേയും രാമായണത്തിലേയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം .
100 കൗരവര്‍ ഉണ്ടായത് ഒരു അമ്മയില്‍ നിന്നാണെന്നും, 100 അണ്ഡങ്ങള്‍ 100 കലങ്ങളില്‍ നിക്ഷേപിച്ചുവെന്ന് മഹാഭാരതത്തില്‍ പറഞ്ഞിട്ടില്ലെ? അത് ടെസ്റ്റ് ട്യൂബ് ശിശുക്കളല്ലെ? ഇത് സംഭവിച്ചത് സ്റ്റെം സെല്‍ റിസേര്‍ച്ചും ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയും വഴിയാണെന്നും ഇതായിരുന്നു നമ്മുടെ രാജ്യത്തെ ശാസ്ത്രമെന്നും നാഗേശ്വര്‍ റാവു പറഞ്ഞു.
അടുത്ത പരാമര്‍ശം രാമായണത്തെ ഉദ്ധരിച്ചായിരുന്നു. രാമന്‍ ഉപയോഗിച്ചിരുന്ന അസ്ത്രങ്ങളും ആയുധങ്ങളും ലക്ഷ്യസ്ഥാനത്ത് പ്രഹരമേല്‍പ്പിച്ച ശേഷം തിരിച്ചെത്തുന്നവയായിരുന്നു. ഇതാണ് ഗൈഡഡ് മിസൈലുകള്‍. മാത്രമല്ല രാവണന് 24 തരം വിമാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും ലങ്കയില്‍ സ്വന്തമായി വിമാനത്താവളങ്ങള്‍ ഉണ്ടായിരുന്നുവെന്നും നാഗേശ്വര്‍ റാവു പറഞ്ഞു.
Discussion about this post