ന്യൂഡൽഹി: ലോകചാമ്പ്യന്മാരായ അർജന്റീനയുമായി സൗഹൃദ മത്സരം കളിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ഇന്ത്യൻ ഫുട്‌ബോൾ ലോകം. അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ചതായി റിപ്പോർട്ട്. ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.
അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി അടങ്ങിയ ലോകകപ്പ് ജേതാക്കളായ ടീമിനൊപ്പം കളിക്കാൻ അവസരമൊരുക്കാൻ വൻതുക ചെലവിടണമായിരുന്നു. ആതിഥേയത്വം വഹിക്കാനുള്ള ഈ ചെലവ് കാരണമാണ് ഇന്ത്യ പിന്മാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.അതേസമയം, ഇന്ത്യയും ബംഗ്ലാദേശും പിന്മാറിയതോടെ അർജന്റീന ജൂൺ 15-ന് ബെയ്ജിങ്ങിൽ ഓസ്ട്രേലിയക്കെതിരേയും ജൂൺ 19-ന് ജക്കാർത്തയിൽ ഇൻഡൊനീഷ്യയ്ക്കെതിരേയും സൗഹൃദ മത്സരം കളിച്ചിരുന്നു.
ജൂൺ 12-നും 20-നും ഇടയിൽ അർജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള സ്ലോട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ ലഭിച്ച വലിയ പിന്തുണ കണക്കിലെടുത്ത് ദക്ഷിണേഷ്യൻ ടീമുകളുമായി ഈ സമയം സൗഹൃദ മത്സരം കളിക്കാനായിരുന്നു അർജന്റീനയുടെ പദ്ധതി.
ഇതിനായി ഇന്ത്യയേയും ബംഗ്ലാദേശിനെയുമാണ് അവർ തിരഞ്ഞെടുത്തത്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇന്റർനാഷണൽ റിലേഷൻസ് തലവൻ പാബ്ലോ ജാക്വിൻ ഡിയാസ്, ഇക്കാര്യം അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷനുമായി സംസാരിക്കുകയും ചെയ്തു.
ALSO READ- ബാലസോർ തീവണ്ടി അപകടം: ജൂനിയർ എഞ്ചിനീയറെ തേടിയെത്തിയ സിബിഐ സംഘം കണ്ടത് പൂട്ടിക്കിടക്കുന്ന വീട്; കുടുംബത്തോടെ ഒളിവിലെന്ന് സൂചന
എന്നാൽ, താരങ്ങളെ കളത്തിലിറങ്ങുന്നതിനായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടത് വലിയ തുകയായിരുന്നു. ഇത് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഇന്ത്യ സൗഹൃദ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. 32 കോടിക്കും 40 കോടിക്കും ഇടയിലുള്ള ഒരു തുകയാണ് കളിക്കാൻ അർജന്റീന ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.
”അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഒരു സൗഹൃദ മത്സരത്തിനായി ഞങ്ങളെ സമീപിച്ചിരുന്നു. പക്ഷേ ഇത്രയും വലിയ തുക കണ്ടെത്താൻ സാധിക്കുമായിരുന്നില്ല. മത്സരം ഇവിടെ സംഘടിപ്പിക്കണമെങ്കിൽ ഞങ്ങൾക്ക് ശക്തമായ ഒരു പങ്കാളിയുടെ പിന്തുണ ആവശ്യമാണ്. അർജന്റീന ആവശ്യപ്പെട്ട തുക വളരെ വലുതാണ്. ഫുട്ബോളിലെ സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിൽ ഞങ്ങൾക്ക് പരിമിതികളുണ്ട്.” – ഷാജി പ്രഭാകരൻ പറഞ്ഞു.