17,500 രൂപയ്ക്ക് ഫേഷ്യല്‍ ചെയ്ത് മുഖം പൊള്ളി: പരാതിയുമായി യുവതി

മുംബൈ: ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റിന് ശേഷം ഇരുപത്തിമൂന്നുകാരിയുടെ മുഖത്തിന് പൊള്ളലേറ്റു. മുംബൈയിലെ അന്ധേരിയില്‍ നിന്നും ഫേഷ്യല്‍ ട്രീറ്റ്‌മെന്റ് ചെയ്ത യുവതിയ്ക്കാണ് പൊള്ളലേറ്റത്.

സലൂണ്‍ ജീവനക്കാര്‍ നിലവാരമില്ലാത്ത ക്രീമുകള്‍ ഉപയോഗിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടെന്നും മുഖത്ത് പൊള്ളലേറ്റ പാടുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ പരാതി നല്‍കി.

അന്ധേരിയിലെ ഒരു സലൂണില്‍ നിന്നാണ് യുവതി ഫേഷ്യല്‍ ചെയ്തത്. ജൂണ്‍ 17നാണ് 17,500 രൂപയ്ക്ക് ഹൈഡ്രോ ഫേഷ്യല്‍ ചെയ്തത്. ഫേഷ്യല്‍ തുടങ്ങിയപ്പോള്‍ തന്നെ ചര്‍മത്തിന് അസ്വസ്ഥത അനുഭവിച്ചതായി ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ അത് കാര്യമായി എടുത്തില്ല. അലര്‍ജി കാരണമാകാം ഇങ്ങനെ സംഭവിക്കുന്നതെന്നാണ് മറുപടി നല്‍കിയതെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പൊള്ളലേറ്റതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ പാടുകള്‍ മാറ്റാന്‍ പ്രയാസമാണെന്നു ഡോക്ടര്‍ മറുപടി നല്‍കി. പിന്നാലെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. സലൂണ്‍ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

Exit mobile version