ഖുശ്ബു സുന്ദറിന് എതിരെ അപകീർത്തി പരാമർശം നടത്തി; ഡിഎംകെ നേതാവ് ശിവാജി കൃഷ്ണ മൂർത്തി അറസ്റ്റിൽ; പാർട്ടിയിൽ നിന്നും പുറത്താക്കി

ചെന്നൈ: ദേശീയ വനിതാ കമ്മിഷൻ അംഗവും ബിജെപി നേതാവുമായ നടി ഖുശ്ബു സുന്ദറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണ മൂർത്തി അറസ്റ്റിൽ. കൊടുങ്ങയൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.

നേരത്തെ ഖുശ്ബുവിനെതിരായ പരാമർശം വലിയ വിവാദമായതോടെ ഡിഎംകെ വക്താവായിരുന്ന ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി ഉത്തരവിറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.

തനിക്കെതിരേയുള്ള അപകീർത്തി പരാമർശം ഖുശ്ബു ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്. ഡിഎംകെ അപരിഷ്‌കൃതരുടേയും തെമ്മാടികളുടേയും സുരക്ഷിത താവളമായി മാറിയിരിക്കുകയാണെന്നും ഖുഷ്ബു പറഞ്ഞിരുന്നു.

ALSO READ- ബാറിൽ നിന്നും മദ്യപിച്ചിറങ്ങി ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു; സംഘർഷമുണ്ടാക്കിയത് പത്തുപേർ

മുൻപ് തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്കെതിരേ നടത്തിയ പരാമർശത്തിന്റെ പേരിൽ കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. നയപ്രഖ്യാപനപ്രസംഗ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണർക്കെതിരായ പരാമർശം.

ഇതിൽ മാപ്പ് പറഞ്ഞതിനെ തുടർന്നാണ് അടുത്തിടെ ഇയാൾ പാർട്ടിയിൽ തിരിച്ചെത്തിയത്. അതേസമയം, ഖുശ്ബുവിനെതിരേ നടത്തിയ പരാമർശം വിവാദമായതോടെ പാർട്ടിയിൽ നിന്ന് ഇയാളെ നീക്കിയതായി ജനറൽ സെക്രട്ടറി ദുരൈമുരുകൻ വ്യക്തമാക്കി.

Exit mobile version