അഹമ്മദാബാദ്:ഗുജറാത്തിനെ വിറപ്പിച്ച് വീശിയടിച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ ആറ് മരണം റിപ്പോര്‍ട്ട് ചെയ്തു.
ആയിരത്തോളം ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകള്‍ റദ്ദാക്കി. സംസ്ഥാനത്ത് ഇത് വരെ 524 മരങ്ങള്‍ കടപുഴകിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ജാം നഗറിലും ദ്വാരക പന്തകിലും ശക്തമായ കാറ്റും മഴയും തുടരുന്നുണ്ട്. സൗരാഷ്ട്രയിലും കച്ച് മേഖയിലും റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.
മോര്‍ബിയില്‍ വൈദ്യുത പോസ്റ്റുകളും കമ്പികളും തകര്‍ന്നു. പോര്‍ബന്തറില്‍ വ്യാപക നാശനഷ്ടം. ദ്വാരകയില്‍ മരം വീണു മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ കടപുഴകി വീണിട്ടുണ്ട്.
അഹമ്മദാബാദില്‍ ഒമ്പത് സ്ഥലങ്ങളില്‍ തീപിടുത്തമുണ്ടായി. അഞ്ച് സ്ഥലങ്ങളില്‍ മരം കടപുഴകി വീണ് റോഡുഗതാഗതം തടസ്സപ്പെട്ടു. കാറ്റിലും മഴയിലുമായി ഇതുവരെ 22 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നും കനത്ത മഴ ഉണ്ടാകുമെന്നും ഗുജറാത്തിലെ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവില്‍ ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ചിലെ ജഖുവിന് മുകളിലൂടെ കടന്നുപോകുന്നു. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2.30 ഓടെ തെക്കന്‍ പാകിസ്ഥാന് വഴി രാജസ്ഥാനിലെ ബാര്‍മറിലേക്ക് എത്തും. ഭുജിലും ശക്തമായ മഴ തുടരുന്നു.
ഇന്നലെ വൈകീട്ട് 6.30 ഓടെ തീരം തൊട്ട ചുഴലികാറ്റ് അര്‍ദ്ധ രാത്രിക്ക് ശേഷമാണ് പൂര്‍ണ്ണമായും കരയില്‍ എത്തിയത്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ ആണ് ചുഴലികാറ്റ്, കച് സൗരാഷ്ട്ര മേഖലയില്‍ വീശി അടിച്ചത്. ദ്വാരക, പോര്‍ബന്ധര്‍, മോര്‍ബി തുടങ്ങിയ ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീര ജില്ലകളില്‍, ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. ഗുജറാത്ത് തീരത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. തീരപ്രദേശങ്ങളില്‍ വെള്ളം കയറി. രാജസ്ഥാന്റെ പടിഞ്ഞാറന്‍ പ്രദേശത്തും ശക്തമായ മഴയും കാറ്റും തുടരുകയാണ്.
Discussion about this post