ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വീട്ടിൽ അഴുകിയ നിലയിലുള്ള മാതാപിതാക്കളുടെ മൃതദേഹത്തിന് അരികിൽ നിന്നും ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കണ്ടെത്തി. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന അയൽക്കാരുടെ പരാതി പരിശോധിക്കാനെത്തിയ പോലീസാണ് കുട്ടിയെ കണ്ടെത്തിയത്.
ദമ്പതികൾ മൂന്നു ദിവസം മുൻപാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. ഉത്തർപ്രദേശിലെ സഹാരൺപുർ സ്വദേശികളായ കാഷിഫ് (25) ഭാര്യ അനം (22) എന്നിവരാണ് മരിച്ചത്. ഇവർ ഡെറാഡൂണിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.
ഇവിടെ കാഷിഫ് ക്രെയിൻ ഓപ്പറേറ്റർ ആയി ജോലി ചെയ്ത് വരികയായിരുന്നു. അനം വീട്ടമ്മയും. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ജൂൺ എട്ടിന് ഇവർക്ക് കുഞ്ഞ് ജനിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഇവരുടെ അഴുകിത്തുടങ്ങിയ ശരീരത്തിനൊപ്പം ആറു ദിവസം പ്രായമുള്ള ആൺകുട്ടി ഭക്ഷണവും വെള്ളവും ലഭിക്കാതെ കഴിഞ്ഞത് അമ്പരപ്പായിരിക്കുകയാണ്.
കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞ് നിർജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നുവെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചുദിവസം കൂടി കുഞ്ഞിന് ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നാണ് വിവരം.
സഹാരൺപുരിലെ ഒരാളിൽനിന്ന് കാഷിഫ് അഞ്ച് ലക്ഷം രൂപ കടംവാങ്ങിയിരുന്നുവെന്നാണ് വിവരം. ഈ ആഴ്ച പണം തിരികെ നൽകേണ്ടതായിരുന്നു. ഇതിന് സാധിക്കാതെ വന്നതോടെ ജൂൺ 10ന് രാത്രിയേടെ ആത്മഹത്യ ചെയ്‌തെന്നാണ് കരുതുന്നത്. അന്നു രാത്രിയാണ് അവരുടെ മൊബൈൽ ഫോണിൽ അവസാന കോൾ എടുക്കുന്നതെന്ന് ക്ലെമന്റ് ടൗൺ പോലീസ് അറിയിച്ചു.