മുൻമേയറുടെ ഷൂ കടിച്ചു കൊണ്ടുപോയി; ഉണർന്ന് പ്രവർത്തിച്ച നഗരസഭ നാല് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ വീടിന് മുന്നിൽനിന്ന് ഷൂ കാണാതായ മുൻ മേയറുടെ പരാതി ലഭിച്ചതിന് പിന്നാലെ വിഷയത്തിൽ അടിയന്തര നടപടിയുമായി ഔറംഗബാദ് നഗരസഭ. ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി പ്രദേശത്ത് അലഞ്ഞുനടന്ന നാല് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുകയും ചെയ്തു.

അതേസമയം, രാജ്യത്ത് വിവിധയിടങ്ങളിൽ തെരുവുനായകൾ മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയാവുന്നുണ്ട്. അക്രമ സംഭവങ്ങൾ വർധിക്കുമ്പോഴും തദ്ദേശ സ്ഥാപനങ്ങളടക്കം കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ശക്തമാണ്. ഇതിനിടെയാണ് ഷൂ കാണാതായ വിഷയത്തിൽ ഉദ്യോഗസ്ഥർ അടിയന്തര നടപടി കൈക്കൊണ്ടിരിക്കുന്നത്.

ഔറംഗാബാദ് നക്ഷത്രവാടി പ്രദേശത്ത് താമസിക്കുന്ന നന്ദകുമാർ, വീടിനു പുറത്ത് അഴിച്ചുവെച്ച ഷൂ തിങ്കളാഴ്ച രാത്രി കാണാതായിരുന്നു. വീടിന്റെ പ്രവേശനകവാടം തുറന്നാണ് കിടന്നിരുന്നത്. പരിശോധിച്ചപ്പോൾ വീട്ടുമുറ്റത്ത് നായ പ്രവേശിച്ചതായും ചെരിപ്പ് കടിച്ചുകൊണ്ടുപോയതായും കണ്ടെത്തുകയായിരുന്നു.

ഇതോടെ പിറ്റേന്ന് നഗരസഭയിൽ പരാതി അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ നായയെ പിടികൂടുന്ന സംഘമെത്തി തെരുവുനായകളെ പിടിക്കുകയായിരുന്നു. പ്രദേശത്ത് അലഞ്ഞ് നടന്ന നാലു തെരുവുനായകളെയാണ് പിടികൂടിയത്.

ALSO READ- വിമാനയാത്രയ്ക്കിടെ നടൻ വിനായകൻ മോശമായി പെരുമാറിയെന്ന് യുവാവിന്റെ പരാതി; ഹൈക്കോടതിയെ സമീപിച്ചു

ഇവയെ വന്ധ്യംകരിക്കുകയും ചെയ്തു. തെരുവുനായ ശല്യം സംബന്ധിച്ച പരാതി ലഭിച്ചാൽ നായയെ പിടിക്കുന്ന സംഘത്തെ അയക്കുക പതിവാണെന്നാണ് നഗരസഭ വിശദീകരിക്കുന്നത്..

Exit mobile version