പുതിയ വാഗ്ദാനവുമായി കോണ്‍ഗ്രസ്; അധികാരത്തില്‍ വന്നാല്‍ റാഫേല്‍ കരാറിനെപ്പറ്റി അന്വേഷിക്കും

പ്രധാനമന്ത്രിക്ക് വേണ്ടി സംസാരിച്ച പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും രാഹുല്‍ പറഞ്ഞു

ന്യൂഡല്‍ഹി: കാര്‍ഷിക കടം തള്ളുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം അധികാരത്തിലെത്തിയ ഉടന്‍ മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയൊരു വാഗ്ദാനവുമായെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റാഫേല്‍ കരാറിനെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റാഫേല്‍ കരാറുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ നിന്ന് പ്രധാനമന്ത്രി ഒളിച്ചോടിയെന്നും രാഹുല്‍ ആരോപിച്ചു. കൂടാതെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ദീര്‍ഘമായ പ്രസംഗം നടത്തി തന്നെ അക്ഷേപിച്ചുവെന്നും, എന്നാല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രിക്ക് വേണ്ടി സംസാരിച്ച പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ആവശ്യം ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാഫേലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ആരാഞ്ഞ ചോദ്യങ്ങള്‍…

-റഫാല്‍ യുദ്ധവിമാനത്തിന്റെ വില 526 കോടിയില്‍ നിന്ന് 1600 കോടിയായി ഉയര്‍ത്താന്‍ തീരുമാനമെടുത്തത് ആരാണ് ? വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ അതോ പ്രധാനമന്ത്രിയോ ?.

-വ്യോമസേനയ്ക്ക് വേണ്ടത് 126 വിമാനങ്ങളാണ്. ആരാണ് അത് 36 ആയി ചുരുക്കിയത് ?

-കരാര്‍ അനില്‍ അംബാനിക്ക് നല്‍കാന്‍ തീരുമാനമെടുത്തത് ആരാണ് ?

-പുതിയ കരാറിനെ പ്രതിരോധ മന്ത്രാലയം ഏതെങ്കിലും തരത്തില്‍ എതിര്‍ത്തിരുന്നുവോ?

Exit mobile version