ചെന്നൈ: തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ജോലിക്ക് കോഴ വാങ്ങിയ കേസിലാണ് അറസ്റ്റ്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. നിലവില്‍ ഡിഎംകെ സര്‍ക്കാരില്‍ വൈദ്യുതി – എക്‌സൈസ് മന്ത്രിയാണ്. 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ സെന്തില്‍ ബാലാജിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റില്‍ പ്രതിഷേധവുമായി ഡിഎംകെ രംഗത്തെത്തി. അറസ്റ്റ് നിയമവിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഡിഎംകെ പറഞ്ഞു.
വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കരയുന്ന മന്ത്രിയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇഡി നടപടിയില്‍ പ്രതിഷേധിച്ച് ആശുപത്രിക്ക് പുറത്ത് ഡിഎംകെ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഉദനനിധി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
എഐഎഡിഎംകെ ഭരണകാലത്തെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.