അയോധ്യ: അയോധ്യയിലെ ശ്രീരാമ ജന്മ ഭൂമി ക്ഷേത്രം 2024 ജനുവരിയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര.
ഡിസംബറിനകം പ്രതിഷ്ഠ പൂര്‍ത്തിയാക്കും. ക്ഷേത്രത്തിന്റെ മൂന്ന് ഘട്ടങ്ങളിലായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിശ്ചയിച്ച സമയക്രമത്തിന് തന്നെ മുന്നോട്ടുപോകുകയാണ്.
താഴത്തെ നിലയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയെന്നും രണ്ടാം നിലയുടെ പണികള്‍ നടക്കുകയാണ്. മേല്‍ക്കൂരയുടെ നിര്‍മ്മാണത്തോടൊപ്പം, ശ്രീകോവിലിലെ രാംലല്ലയുടെ പ്രതിഷ്ഠയിലേക്ക് സൂര്യരശ്മികള്‍ എത്തുന്നതിനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ സൂര്യന്റെ കിരണങ്ങള്‍ ശ്രീകോവിലിലെ രാംലല്ലയുടെ നെറ്റിയില്‍ പതിക്കും. എല്ലാ വര്‍ഷവും രാമനവമി ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് രാംലല്ലയുടെ നെറ്റിയില്‍ സൂര്യകിരണങ്ങള്‍ പതിക്കുന്ന തരത്തിലാണ് ഇത് ചെയ്യുന്നത്.
ക്ഷേത്രത്തിന്റെ തറയില്‍ മാര്‍ബിള്‍ സ്ഥാപിക്കലും വാതിലുകളുടെ നിര്‍മ്മാണവും ജൂണ്‍ പകുതി മുതല്‍ ആരംഭിക്കും. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയുടെ 70 ശതമാനം പണി പൂര്‍ത്തിയായി. ബാക്കിയുള്ള ജോലികള്‍ ജൂണില്‍ തന്നെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണില്‍ 44 വാതിലുകളാണ് നിര്‍മ്മിക്കുക. ഇതിനായി മഹാരാഷ്ട്രയില്‍ നിന്ന് തേക്കിന്‍ തടി എത്തിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നിന്ന് പത്ത് കരകൗശല വിദഗ്ധര്‍ എത്തിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമായിരിക്കും വാതിലുകള്‍ നിര്‍മിക്കുക.
മേല്‍ക്കൂര തയ്യാറായതോടെ ക്ഷേത്രത്തിന്റെ തറയില്‍ വെള്ള നിറത്തിലുള്ള മാര്‍ബിള്‍ സ്ഥാപിക്കുന്ന ജോലിയും ആരംഭിക്കും. ഇതിനുമുമ്പ് ക്ഷേത്ര മന്ദിരത്തില്‍ വൈദ്യുതി വയറിങ്ങിനൊപ്പം അവസാനഘട്ട പ്രവൃത്തിയും പൂര്‍ത്തിയാക്കും. ക്ഷേത്രത്തിന് 34 പടികളും പ്രായമായവര്‍ക്ക് ലിഫ്റ്റും ഉണ്ടാകും.