ന്യൂഡൽഹി: ദുബായിലേക്കുള്ള വിസ്താരയുടെ കണക്ഷൻ വിമാനത്തിലിരുന്ന് ഫോണിൽ ബോംബിനെക്കുറിച്ച് സംസാരിച്ച യാത്രക്കാരൻ അറസ്റ്റിൽ. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ജൂൺ ഏഴിനായിരുന്നു യാത്രക്കാരനെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ പറയുന്നു.
ഉത്തർപ്രദേശിലെ പിലിബിത്ത് സ്വദേശിയായ അസീം ഖാനാണ് പിടിയിലായത്. ഇയാൾ ഫോണിലൂടെ ബാഗിൽ ബോംബുണ്ടെന്ന തരത്തിൽ സംസാരിക്കുകയായിരുന്നു. ഈ സംഭാഷണം കേട്ട സഹയാത്രക്കാരി ഉടൻ തന്നെ വിമാന ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
വിസ്താര ഫ്‌ളൈറ്റ് നമ്പർ യുകെ-941-ൽ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള കണക്ഷൻ വിമാനത്തിൽ ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാൾ. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാർ പ്രതിയെ സിഐഎസ്എഫിന് കൈമാറി. തുടർന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.