‘ട്രെയിൻ അപകടത്തിൽ അമ്മ മരണപ്പെട്ടു, നഷ്ടപരിഹാരമായി സർക്കാർ ജോലി വേണം’; വ്യാജ അവകാശ വാദവുമായി റെയിൽവേ മന്ത്രിയെ തേടി എത്തിയ യുവാവ് അറസ്റ്റിൽ

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ അമ്മ മരിച്ചെന്ന് കള്ളം പറഞ്ഞ് സർക്കാർ ജോലി തേടിയെത്തിയ യുവാവ് അറസ്റ്റിൽ. ബിഹാർ പട്‌ന സ്വദേശിയായ സഞ്ജയ് കുമാർ എന്ന നാൽപ്പത്തിരണ്ടുകാരനാണ് അറസ്റ്റിലായത്.

ബാലസോർ ട്രെയിൻ ദുരന്തത്തിൽ തന്റെ അമ്മ മരിച്ചെന്നും, സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിനു പകരം സർക്കാർ ജോലി ലഭിക്കുമോയെന്നും തിരക്കി ഇയാളെത്തിയപ്പോഴാണ് പിടിയിലായത്. ഇക്കാര്യത്തിന് വേണ്ടി ഇയാൾ ഡൽഹിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു. പിന്നീട് റെയിൽ ഭവനിലുമെത്തി.

ഇയാളെ സംബന്ധിച്ച് അധികൃതർ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ അമ്മ 2018ൽ മരിച്ചതായി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വ്യാജ അവകാശവാദം ഉന്നയിച്ചതിന് ഇയാൾ അറസ്റ്റിലായത്.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കാണണമെന്ന് ആവശ്യപ്പെട്ട് ആദ്യം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലാണ് സഞ്ജയ് വന്നത്. പിന്നീട് റെയിൽ ഭവനിലാണ് മന്ത്രിയെന്ന് അറിഞ്ഞതിനെ തുടർന്ന് റെയിൽ ഭവനിലെത്തിയ ഇയാളുടെ സംസാരത്തിൽ സംശയം തോന്നിയ അധികൃതർ അന്വേഷണം നടത്തുകയായിരുന്നെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

ബാലസോരിൽ അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്‌സ്പ്രസിലെ യാത്രക്കാരിയായിരുന്നു അമ്മയെന്ന് അവകാശപ്പെട്ടാണ് ഇയാൾ ഓഫിസിൽ എത്തിയത്. അപകടത്തിൽ അമ്മ മരിച്ചെന്നും പറഞ്ഞിരുന്നു. എന്നാൽ, ട്രെയിനിൽ അവരുണ്ടായിരുന്നു എന്ന് തെളിയിക്കാൻ യാതൊരു രേഖകളും അയാളുടെ പക്കലുണ്ടായിരുന്നില്ല. ഇതാണ് സംശയത്തിനു കാരണമായതെന്ന് അധികൃതർ വിശദീകരിച്ചു.

ALSO READ- ‘കുട്ടികളെ ആത്മാക്കൾ വേട്ടയാടും’;ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ച സ്‌കൂൾ പൊളിക്കാൻ ഒരുങ്ങുന്നു

ട്രാവൽ ഏജന്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നാണ് സഞ്ജയ് അവകാശപ്പെട്ടത്. ഇയാളുടെ പേര് ഓർക്കുന്നില്ലെന്നും അറിയിച്ചു. പിന്നീട് വെയിറ്റിങ് ലിസ്റ്റിലും അമ്മയുടെ പേരുണ്ടെന്ന് തെളിയിക്കാൻ സഞ്ജയ് കുമാറിന് സാധിച്ചില്ല. അമ്മയുടെ ഫോട്ടോ നൽകിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. എന്നിട്ടും കണ്ടെത്താനായില്ല. തുടർന്ന് വിശദമായി ചോദ്യം ചെയ്തതോടെ സഞ്ജയ് കുമാർ സത്യം തുറന്നുപറഞ്ഞെന്നു അധികൃതർ വെളിപ്പെടുത്തി.

സഞ്ജയിന്റെ അമ്മ യഥാർഥത്തിൽ 2018ൽ മരിച്ചതാണ്. ബാലസോർ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം റെയിൽവേ മന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സഞ്ജയ് അമ്മ അപകടത്തിൽ മരിച്ചെന്ന് പറഞ്ഞ് ധനസഹായത്തിനു പകരം സർക്കാർ ജോലി തേടാൻ ശ്രമിക്കുകയായിരുന്നു.

Exit mobile version