‘കുട്ടികളെ ആത്മാക്കൾ വേട്ടയാടും’;ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ച സ്‌കൂൾ പൊളിക്കാൻ ഒരുങ്ങുന്നു

ബാലസോർ: രാജ്യം നടുങ്ങിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂൾ പൊളിക്കണമെന്ന് രക്ഷിതാക്കളും അധികൃതരുംയ ഈ സ്‌കൂളിലേക്ക് കുട്ടികളെ വിടാൻ മാതാപിതാക്കൾ മടിക്കുന്നതായാണ് റിപ്പോർട്ട്. ബഹനഗ സർക്കാർ നോഡൽ ഹൈസ്‌കൂളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവിടേക്കാണ് കുട്ടികളെ അയയ്ക്കാൻ മാതാപിതാക്കൾ മടിക്കുന്നത്. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്നാണു രക്ഷിതാക്കൾ ഭയക്കുന്നത്.

മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂൾ കെട്ടിടത്തിന്റെ ഭാഗം ഇടിച്ചുകളഞ്ഞ് പുതിയത് പണിയണമെന്നാണ് രക്ഷിതാക്കളുടെയും സ്‌കൂൾ അധികൃതരുടെയും ആവശ്യം. ഇക്കാര്യം ബാലസോർ ജില്ലാ കലക്ടർ ദത്താത്രേയ ബാവുസാഹബ് ഷിൻഡെ വ്യാഴാഴ്ച സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്.

ഒപ്പം തന്നെ കുട്ടികൾക്ക് പ്രേതങ്ങളെക്കുറിച്ചുള്ള ചിന്തകൾ പകരാതെ ശാസ്ത്രീയ ചിന്ത കുട്ടികൾക്ക് നൽകണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് ബാലസോറിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ച് 288 പേർ മരിച്ചത്. അപകടം നടന്നയുടനെ പരുക്കേറ്റവരെയും മരിച്ചവരെയും ആദ്യം എത്തിച്ചത് സമീപമുള്ള ബഹനഗ സ്‌കൂളിലേക്കാണ്. അപകടസ്ഥലത്തുനിന്ന് ഏകദേശം അരകിലോമീറ്റർ ദൂരത്തിലാണ് ഈ സ്‌കൂൾ. പിന്നീട് പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചവരുടെ മൃതദേഹങ്ങൾ ഇവിടെ തന്നെ സൂക്ഷിക്കേണ്ടി വന്നു.

ALSO READ- അബുദാബി ബിഗ് ടിക്കറ്റിലൂടെ 22 ലക്ഷം നേടി കേരളത്തിലെ വീട്ടമ്മ; സ്ഥിരമായി ടിക്കറ്റെടുക്കുന്ന കഫ്റ്റീരിയ ജീവനക്കാരനും ഒടുവിൽ സമ്മാനമെത്തി!

പിന്നീട് ജൂൺ മൂന്നിന് രാത്രിയാണ് മൃതദേഹങ്ങൾ ഭുവനേശ്വറിലെ വിവിധ മോർച്ചറികളിലേക്കു മാറ്റിയത്. 16 ക്ലാസ് മുറികളിൽ 7 എണ്ണത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നു. അന്ന് സ്‌കൂളിനെ മോർച്ചറിയാക്കി മാറ്റുകയാണ് ചെയ്തത്. മറ്റു മുറികളിൽ പരുക്കേറ്റവരെ പ്രവേശിപ്പിക്കുകയും ചെയ്തു. മധ്യവേനലവധിക്കുശേഷം 19നാണ് സ്‌കൂൾ തുറക്കേണ്ടത്. ഈ കെട്ടിടം തകർക്കാതെ കുട്ടികളെ അയയ്ക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കളെന്ന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗം രാജാറാം മൊഹപാത്ര അറിയിച്ചു.

67 വർഷം പഴക്കമുള്ള കെട്ടിടമാണത്. എന്തായാലും പുതിയത് പണിയണം. ഞങ്ങൾക്ക് പ്രേതങ്ങളിൽ വിശ്വാസമില്ലെങ്കിലും നാട്ടുകാർക്കുണ്ട്. മന്ത്രവാദത്തിലുള്ള വിശ്വാസവും വ്യാപകമായി ഇവിടുള്ളവരിലുണ്ട്. സ്‌കൂളിനു സമീപം താമസിക്കുന്നവരിൽ ചിലർ അർധരാത്രി ഇവിടെനിന്നു ശബ്ദങ്ങൾ കേൾക്കുന്നതായി അവകാശപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇതിനിടെ, പുതിയ കെട്ടിടം വരുന്നതുവരെ സമീപത്ത് മറ്റൊരു സ്ഥലത്ത് ക്ലാസുകൾ നടത്തുന്ന കാര്യം പരിഗണിക്കുകയാണ് സ്‌കൂൾ അധികൃതർ.

Exit mobile version