ഫേസ്ബുക് പെണ്‍സുഹൃത്ത് 48 ലക്ഷം രൂപ തട്ടിയെടുത്തു: പരാതിയുമായി മഠാധിപതി

ബംഗളൂരു: ഫേസ്ബുക് വഴി പരിചയപ്പെട്ട പെണ്‍സുഹൃത്ത് 48 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിയുമായി മഠാധിപതി. ബംഗളൂരു റൂറല്‍ ജില്ലയിലെ നെലമംഗല കമ്പാലു സംസ്ഥാന മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമിയാണ് പരാതിയുമായി രംഗത്തെത്തിയത്. പണം നഷ്ടപ്പെട്ടതായി ദാബാസ്‌പേട്ട് പോലീസില്‍ പരാതി നല്‍കി.

വര്‍ഷ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ മഞ്ജുള എന്ന യുവതിയാണ് സ്വാമിയെ വഞ്ചിച്ചത്. 2020ലാണ് ‘വര്‍ഷ’യും സ്വാമിയും പരിചയപ്പെട്ടത്. ഇരുവരും മൊബൈല്‍ നമ്പറുകള്‍ പരസ്പരം കൈമാറി.

ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയാണെന്നാണ് വര്‍ഷ പറഞ്ഞത്.
താന്‍ മംഗളൂരു സ്വദേശിയാണെന്നും മാതാപിതാക്കള്‍ മരണപ്പെട്ടുവെന്നുമാണ് സ്വാമിയെ ധരിപ്പിച്ചിരുന്നത്. ആത്മീയ സൗഖ്യം തേടിയാണ് യുവതി സ്വാമിയെ പരിചയപ്പെട്ടത്. ഇരുവരും നിരവധി തവണ വീഡിയോ കോളുകള്‍ ചെയ്തിരുന്നുവെങ്കിലും വര്‍ഷ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയോ മുഖം കാണിക്കുകയോ ചെയ്തിരുന്നില്ല.

വിദ്യാഭ്യാസത്തിന് പണമാവശ്യപ്പെട്ട് പലതവണ വിളിച്ചതായി സ്വാമി പരാതിയില്‍ പറഞ്ഞു. ഇതുപ്രകാരം 10 ലക്ഷം രൂപ വര്‍ഷയുടെ സുഹൃത്തായ മഞ്ജുളയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. പിതാവ് തനിക്ക് വേണ്ടി 10 ഏക്കര്‍ ഭൂമി വില്‍പത്രത്തില്‍ എഴുതിയിട്ടുണ്ടെന്നും അത് കുറഞ്ഞ വിലയ്ക്ക് മഠത്തിന് നല്‍കുമെന്നും വര്‍ഷ പറഞ്ഞിരുന്നു.

അതിനിടെ 2022 ഒക്ടോബറില്‍ സ്വാമിയെ മഞ്ജുള ഫോണ്‍ വിളിച്ച്, വില്‍പത്രത്തെ ചൊല്ലി വര്‍ഷയെ ബന്ധുക്കള്‍ ആക്രമിച്ചുവെന്നും തലയ്ക്ക് ഗുരുതര പരിക്കേറ്റ് മത്തികെരെയിലെ ആശുപത്രിയില്‍ ഐസിയുവില്‍ ആണെന്നും പറഞ്ഞു. വര്‍ഷയുടെ ചികിത്സയ്ക്കായി 37 ലക്ഷം രൂപ മഞ്ജുള വാങ്ങിയതായും ചെന്നവീര ശിവാചാര്യ സ്വാമി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Exit mobile version