അഹമ്മദാബാദ്: അനേകം ഹൃദയശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി, നിരവധി പേര്‍ക്ക് പുതിയ ജീവിതം നല്‍കിയ ഹൃദയരോഗ വിദഗ്ധനായ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ നിന്ന് രോഗികളെ പരിശോധിച്ച് വീട്ടിലെത്തിയ ഡോക്ടര്‍ ഉറക്കത്തിലാണ് മരിച്ചത്.
ഗൗരവ് തിങ്കളാഴ്ച രാത്രി സാധാരണ പോലെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയതാണെന്നും ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറുമണിയായിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോള്‍ ഡോക്ടര്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗൗരവ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
കടുത്ത ഹൃദ്രോഗമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയാഘാതം ഒഴിവാക്കുന്നത് സംബന്ധിച്ച പ്രചാരണത്തിന് നേതൃത്വം കൊടുത്തിരുന്ന സൗരവ് ഗാന്ധി, നിരവധി പേരെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയ ഡോക്ടറാണ്.
16,000 ഹൃദയശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ഡോക്ടര്‍ പതിവായി ജിമ്മില്‍ പോവുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്തിരുന്നതായി പരിചയക്കാര്‍ പറയുന്നു. ജാം നഗറിലും അഹമ്മദാബാദിലുമാണ് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഭാര്യ ദേവാംശി ദന്തരോഗ ഡോക്ടറാണ്. രണ്ട് മക്കളുണ്ട്.