ബ്രിജ് ഭൂഷനെതിരെ നടപടി ഉറപ്പ്, കുറ്റപത്രം ഉടനെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂർ; ജൂൺ 15 വരെ സമരം നിർത്തി ഗുസ്തി താരങ്ങൾ

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ ബിജെപി എംപിയും ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് നടത്തുന്ന സമരം ജൂൺ 15 വരെ നിർത്തിവെക്കും. ഇക്കാര്യം ഗുസ്തി താരം ബജ്റംഗ് പുനിയയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇക്കാലയളവിൽ ബ്രിജ് ഭൂഷനെതിരെ പോലീസ് നടപടിയുണ്ടാകുമെന്ന് കായിക മന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് തീരുമാനം. വിഷയം കർഷക നേതാക്കളുമായി ചർച്ചചെയ്യുമെന്നും ബജ്റംഗ് പുനിയ വ്യക്തമാക്കി.

കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ബുധനാഴ്ച നടത്തിയ ചർച്ചയിൽ അഞ്ച് പ്രധാന ആവശ്യങ്ങൾ താരങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ലൈംഗിക ആരോപണങ്ങൾ നേരിടുന്ന ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ പ്രധാന ആവശ്യം. ഫെഡറേഷൻ തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും തലപ്പത്ത് സ്ത്രീ പ്രാതിനിധ്യം വേണമെന്നും അവർ ആവശ്യപ്പെടുന്നു.

കൂടാതെ, തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷന്റെ കുടുംബക്കാരെ മത്സരിപ്പിക്കരുത്, പ്രതിഷേധിച്ച താരങ്ങളുടെ പേരിലുള്ള എഫ്‌ഐആർ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും താരങ്ങൾ മുന്നോട്ടുവെച്ചു.

അതേസമയം, താരങ്ങളുമായി ആറു മണിക്കൂർ നീണ്ട ചർച്ച നടത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ജൂൺ 15-നകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്നും ഫെഡറേഷൻ തലപ്പത്തേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 30-നകം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Exit mobile version