ബൊക്കാറോ: ജാർഖണ്ഡിലെ ബൊക്കാറോയിൽ ലോക്കോ പൈലറ്റ് സമയോചിതമായി ഇടപെട്ടതിന്റെ ഫലമായി ഒഴിവായത് വൻദുരന്തം. പാളത്തിൽ ട്രാക്ടർ കുടുങ്ങിയത് കണ്ട് ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടി ട്രെയിൻ നിർത്തുകയായിരുന്നു.
ന്യൂഡൽഹി-ഭുവനേശ്വർ രാജധാനി എക്സ്പ്രസാണ് (22812) തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഭോജുദി റെയിൽവേ സ്റ്റേഷനിലെ സന്താൽഡിഹ് റെയിൽവേ ക്രോസിംഗിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നുസംഭവം.
റെയിൽവേ ക്രോസിംഗിൽ വെച്ച് റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിന് മുൻപായി പെട്ടെന്ന് മുന്നോട്ടെടുത്ത ഒരു ട്രാക്ടർ ട്രാക്കിൽ കുടുങ്ങുകയായിരുന്നു. ട്രാക്കിലൂടെ രാജധാനി എക്സ്പ്രസ് കടന്നുവരുന്നതിനിടെയായിരുന്നു സംഭവം.
എന്നാൽ ട്രാക്ടർ കണ്ട ലോക്കോ പൈലറ്റ് മുൻകരുതലെന്ന നിലയിൽ തുടക്കത്തിൽ തന്നെ ബ്രേക്ക് ചവിട്ടി. പിന്നീട് ട്രാക്ടർ കടന്നുപോയെങ്കിലും ഇതിന് പിന്നാലെ രാജധാനി എക്സ്പ്രസ് 45 മിനിറ്റോളം ഇവിടെ നിർത്തിയിടേണ്ടി വന്നു.
ട്രാക്ടർ നിർത്തിയിട്ട സംഭവത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തു. അതേസമയം, ജൂൺ രണ്ടിന് ഒഡീഷ ബാലസോറിൽ കോറോമാണ്ടൽ എക്‌സ്പ്രസും ബംഗളൂരു ഹൗറ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 288 പേർ മരിച്ചതായി ഒഡിഷ സർക്കാർ അറിയിച്ചു.
also read- മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി വ്യാജപ്രചാരണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
അപകടം നടന്ന് 51 മണിക്കൂറിന് ശേഷം റെയിൽവേ ട്രാക്ക് പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ റെയിൽവേ മന്ത്രിയുടെ ശുപാർശയെ തുടർന്ന് സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു.