കോയമ്പത്തൂർ: സോഷ്യൽ മീഡിയ വഴി വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രവർത്തകനെ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തു. ശരവണപ്രസാദ് ബാലസുബ്രഹ്‌മണ്യനാ(52)ണ് മോർഫ് ചെയ്ത ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായത്.
സ്‌കൂളിനുള്ളിൽ അനധികൃതമായി മദ്യം വാറ്റിയതിന് പോലീസ് കസ്റ്റഡിയിലുള്ള അഞ്ച് പേരുടെ ഫോട്ടോ എന്ന വ്യാജേന ഡിഎംകെ പ്രവർത്തകരുടെ ഫോട്ടോ ശരവണപ്രസാദ് പങ്കുവെച്ചതാണ് പരാതിക്ക് കാരണമായത്.
ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) യുവജന വിഭാഗം പല്ലടം സെക്രട്ടറി ബാലസുബ്രഹ്‌മണ്യമാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആർഎസ്എസ് പ്രവർത്തകനെതിരെ സൈബർ ക്രൈം സംഘം അറസ്റ്റ് ചെയ്തത്.
ഇയാൾ പങ്കുവെച്ച ചിത്രം മോർഫ് ചെയ്തതാണെന്നും 2021ൽ കൊവിഡ് ലോക്ക്ഡൗൺ സമയത്ത് കൃത്യം നടത്തിയ സംഘം അറസ്റ്റിലായിരുന്നെന്നും പിന്നീട് കണ്ടെത്തി.
also read- ദളിതർക്ക് ക്ഷേത്രത്തിൽ വിലക്ക്; ചർച്ചകൾ ഫലം കണ്ടില്ല;ക്ഷേതം അടച്ച് സീൽ ചെയ്ത് അധികൃതർ
തുടർന്ന് സൈബർ ക്രൈം വിഭാഗം ശരവണപ്രസാദിനെതിരെ സെക്ഷൻ 153 (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുക), (പൊതുജനങ്ങൾക്ക് ഭയമോ ഭീതിയോ ഉണ്ടാക്കുന്നതോ ആയ പ്രസ്താവനകൾ പോസ്റ്റ് ചെയ്യുന്നത്) പ്രകാരം കേസെടുക്കുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നാണ് ശരവണപ്രസാദിനെ അറസ്റ്റ് ചെയ്തത്.
Discussion about this post