കൊല്‍ക്കത്ത: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ പെട്ട മകനെ തേടി എത്തി, മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന് മകനെ ജീവനോടെ കണ്ടെത്തി പിതാവ്. കൊല്‍ക്കത്ത സ്വദേശി ബിസ്വജിത് മാലിക് (24) ആണ് അത്ഭുതകരമായി മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഹൗറയില്‍ കട നടത്തുന്ന ഹെലറാം മാലിക്കാണ് മകനെ മരണത്തിനു വിട്ടുകൊടുക്കാതെ രക്ഷിച്ചത്.
അപകടത്തിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പായിരുന്നു ഹെലറാം, ഷാലിമാര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൊറമാണ്ഡല്‍ എക്‌സ്പ്രസില്‍ ബിസ്വജിത്തിനെ യാത്രയാക്കിയത്.
ട്രെയിന്‍ അപകടത്തെക്കുറിച്ച് അറിഞ്ഞ്, ആംബുലന്‍സ് സംഘടിപ്പിച്ച് സഹോദരനോടൊപ്പം മകനെതേടി യാത്ര തിരിക്കുകയായിരുന്നു. ബാലസോറിലും സമീപത്തെയും ആശുപത്രികളിലാകെ ഇവര്‍ ബിസ്വജിത്തിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞതനുസരിച്ചു മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌കൂളിലും തിരയാന്‍ എത്തി.
നിരവധി മൃതദേഹങ്ങള്‍ക്കിടെ ഹെലറാം, ബിസ്വജിത്തിനെ തേടി. ഇതിനിടെയാണ് രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍, മൃതദേഹത്തില്‍ ഒന്നിന്റെ കൈ വിറയ്ക്കുന്നതായി പറയുന്നത്. അതു നോക്കാന്‍ എത്തിയപ്പോഴാണ് ബിസ്വജിത്തിനെ തിരിച്ചറിഞ്ഞത്.
ഗുരുതരമായി പരുക്കേറ്റ് അബോധവസ്ഥയിലായിരുന്ന മകനെ ഉടന്‍ ഹെലറാം ബാലസോര്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സകള്‍ക്കുശേഷം സ്വന്തം നിര്‍ബന്ധപ്രകാരം വിദഗ്ധ ചികില്‍സയ്ക്കായി കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ബിസ്വജിത്തിന്റെ കാലിനും കൈയ്ക്കുമെല്ലാം ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി, പുതിയ ജീവിതത്തിലേക്ക് മകന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഹെലറാം മാലിക്.