ഭുവനേശ്വർ: മൂന്നു പതിറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആശ്വാസത്തിലാണ് എട്ടുവയസ്സുകാരിയും പിതാവും. അപകടത്തിന് തൊട്ടുമുൻപ് മകളുടെ വാശി കാരണം അവസാന നിമിഷം കോച്ച് മാറിയതാണ് ഇവരെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ചത്.
ഒഡിഷ സ്വദേശിയായ ദേവും മകൾ സ്വാതിയുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഖരഗ്പുരിൽ നിന്ന് കോറമണ്ഡൽ എക്സ്പ്രസിലാണ് ഇരുവരും യാത്ര ആരംഭിച്ചത്. ഇടയ്ക്ക് വെച്ച് യാത്രയ്ക്കിടയിൽ വിൻഡോ സീറ്റ് വേണമെന്ന് മകൾ വാശി പിടിക്കുകയായിരുന്നു.
മകളുടെ നിർബന്ധം കാരണം വിൻഡോ സീറ്റ് കിട്ടുമോയെന്ന് ടിക്കറ്റ് ചെക്കറോട് അന്വേഷിക്കുകയും മറ്റേതെങ്കിലും യാത്രക്കാരോട് സംസാരിച്ച് സീറ്റ് മാറിയിരിക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തതോടെയാണ് ഇരുവരും കോട്ട് മാറിയത്.
‘അവർ ഞങ്ങളുടെ കോച്ചിലേക്കും ഞങ്ങൾ അവരിരുന്ന കോച്ചിലേക്കും മാറിയിരുന്നു. മകളുടെ ചെറിയ വാശി ഞങ്ങളുടെ ജീവൻ തന്നെ രക്ഷിക്കുമെന്ന് കരുതിയില്ല. ഞങ്ങളുടെ സീറ്റിൽ ഇരുന്ന രണ്ടു പേർക്ക് എന്തുപറ്റിയെന്ന് അറിയില്ല. അവർ അപകടമൊന്നുമില്ലാതെ സുരക്ഷിതരായിരിക്കട്ടെ എന്നാണ് പ്രാർഥന’-ദേവ് പ്രതികരിച്ചു.
അതേസമയം ദേവും സ്വാതിയും ബുക്ക് ചെയ്ത കോച്ച് മുഴുവനായും തകർന്നിരുന്നു. എന്നാൽ, മാറിയിരുന്ന കോച്ചിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതുമില്ല. രണ്ടുപേർക്കും നിസാര പരിക്കുകൾ മാത്രമെ സംഭവിച്ചുളളു. ഈ അപകടത്തിൽ ഇതുവരെ 277 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 900-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.