ന്യൂഡൽഹി: രാജ്യം നടുങ്ങിയ ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് കൈത്താങ്ങാകാൻ അദാനി ഗ്രൂപ്പ്. അനാഥരാക്കപ്പെട്ട കുട്ടികൾക്ക് സൗജന്യ സ്‌കൂൾ വിദ്യാഭ്യാസം നൽകുമെന്ന് ഗൗതം അദാനി അറിയിച്ചു.
ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തെ സഹായിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്ന് അദാനി ട്വിറ്ററിൽ കുറിച്ചു. ‘ഒഡീഷയിലുണ്ടായ തീവണ്ടി അപകടം കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസം അദാനി ഗ്രൂപ്പ് ഏറ്റെടുക്കും.’- ഗൗതം അദാനി കുറിക്കുന്നു.
ദുരന്തത്തിൽപ്പെട്ടവരേയും അവരുടെ കുടുംബങ്ങളെയും ചേർത്തു നിർത്തേണ്ടതും അവരുടെ കുട്ടികൾക്ക് നല്ലൊരു ഭാവി നൽകേണ്ടതും എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും അദാനി ട്വീറ്റ് ചെയ്തു.
ഒഡിഷയിലെ ബാലസോർ ജില്ലയിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 275 പേർ മരിച്ചെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 288 പേർ മരിച്ചെന്നായിരുന്നു റിപ്പോർട്ട്.