ഇടുക്കി : അരിക്കൊമ്പന് ആനയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെന്ന് തേനി ജില്ല കളക്ടര്‍ ഷാജീവന. ആനയെ നിരീക്ഷിക്കാന്‍ 85 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
അരിക്കൊമ്പന് ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തേനി കളക്ടറുടെ ഉടപെടല്‍. ആന നിലവില്‍
ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തെ വനത്തിലാണുള്ളതെന്ന് കളക്ടര്‍ അറിയിച്ചു.
ജനവാസ മേഖലയില്‍ നിന്നും ദൂരെയാണിത്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനും നടപടി എടുത്തിട്ടുണ്ട്. വനത്തില്‍ നിന്നും ഇറങ്ങി വരാന്‍ സാധ്യതയുള്ളതിനാല്‍ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂര്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ നിരോധനാജ്ഞ തുടരുമെന്നും കളക്ടര്‍ അറിയിച്ചു.
സാറ്റലൈറ് കോളര്‍ സിഗ്നല്‍ അവസാനം ലഭിക്കുമ്പോള്‍ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്. അതേസമയം, കഴിഞ്ഞ നാല് ദിവസമായി അരിക്കൊമ്പന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടില്ല.
Discussion about this post