ചെന്നൈ: അത്രാളും അന്നമൂട്ടിയ ജോലിയിൽ നിന്നും പടിയിറങ്ങുമ്പോൾ വികാര നിർഭനാകാതിരിക്കുന്നതെങ്ങനെ. എല്ലാ ജീവനക്കാരും കണ്ണീരോടെയും ആത്മനിർവൃതിയോടെയുമായിരിക്കും വിരമിക്കൽ ദിനത്തെ അഭിമുഖീകരിക്കുക. ഇത്തരത്തിൽ വൈകാരികമായ രംഗങ്ങളോടെ ജോലിയിലെ അവസാനത്തെ ദിനം പൂർത്തിയാക്കിയ ഒരു ജീവനക്കാരനാണ് സോഷ്യൽമീഡിയയിൽ വൈറൽ.
ഇത്രനാളും ചെയ്ത ജോലിയോട് യാത്ര പറഞ്ഞിറങ്ങുന്നത് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷനിലെ ഡ്രൈവറാണ്. ജോലിയിൽനിന്ന് വിരമിക്കുന്ന അറുപതുകാരൻ മുത്തുപ്പാണ്ടിയാണ് ഈ വീഡിയോയിൽ ഉള്ളത്. മധുര സ്വദേശിയായ മുത്തുപ്പാണ്ടി ജോലിയിൽനിന്ന് വിരമിക്കുന്ന ദിവസം ബസിന്റെ സ്റ്റിയറിങ്ങിനെ ചുംബിക്കുകയും ബ്രേക്ക്, ക്ലച്ച്, ആക്സിലറേറ്റർ തുടങ്ങിയവയെ തൊട്ടുതൊഴുകയും ചെയ്തശേഷം പുറത്തിറങ്ങുന്നതാണ് വീഡിയോയിൽ.
ശേഷം, മുത്തുപ്പാണ്ടി ബസിന്റെ ചവിട്ടുപടിയെ തൊട്ടുതൊഴുന്നതും ബസിന്റെ മുൻഭാഗത്തെ തൊഴുത് ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം. കണ്ണീരോടെയുള്ള അദ്ദേഹത്തിന്റെ വിടപറച്ചിലിന്റെ വീഡിയോ നൗഷാദ് എ എന്ന മാധ്യമപ്രവർത്തകനാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
#கடைசியாஒருமுறை… ஓய்வு பெறும் நாளில் நெகிழ்ச்சி… #பேருந்தை கட்டிப்பிடித்து அழுத ஓட்டுநர் #முத்துப்பாண்டி..@CMOTamilnadu @sivasankar1ss @kalilulla_it @abm_tn @rajakumaari @DonUpdates_in @PTRajkumar97899 @Vel_Vedha pic.twitter.com/pFjkbOcnnG
— Nowshath A (@Nousa_journo) June 1, 2023
തനിക്ക് സമൂഹത്തിൽ ബഹുമാനം നേടിത്തന്നത് ഈ തൊഴിൽ ആണെന്ന് വീഡിയോയുടെ അവസാനഭാഗത്ത് മുത്തുപ്പാണ്ടി പറയുന്നുണ്ട്. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും മാതാപിതാക്കളെയും ഭാര്യയെയും സംരക്ഷിക്കാനും തന്നെ പ്രാപ്തനാക്കിയതും ഈ തൊഴിലാണെന്നാണ് അദ്ദേഹം പറയുന്നത്.
മുത്തുപ്പാണ്ടി മധുരയിലെ അണുപ്പാനടി-തിരുപ്പരഗുൻട്രം-മഹാലക്ഷ്മി കോളനി റൂട്ടിലെ ബസ് ഡ്രൈവറായിരുന്നു.