കമ്പം: അരിക്കൊമ്പന്റെ ആരോഗ്യ സംരക്ഷണത്തിനായി കാട്ടിൽ അരി എത്തിച്ചു നൽകി തമിഴ്നാട്. അരി, ശർക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന് വേണ്ടി നിലവിലെ താവളമായ റിസർവ് ഫോറസ്റ്റിലേക്ക് എത്തിച്ചത്. അതേസമയം, അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടൽ മൂലം ഉണ്ടായിട്ടുള്ളതല്ലെന്ന് കമ്പം എംഎൽഎ എൻ രാമകൃഷ്ണൻ പ്രതികരിച്ചു.
അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. മയക്കുവെടി വിദഗ്ധർ ആനയെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഷൺമുഖ നദി ഡാമിനോടു ചേർന്നുള്ള റിസർവ് വനത്തിലാണ് അരിക്കൊമ്പൻ ഇപ്പോൾ ഉള്ളത്. രാത്രിയിൽ കൃഷിത്തോട്ടത്തിൽ എത്തി ഭക്ഷണം കണ്ടെത്തുകയാണ് അരിക്കൊമ്പൻ ചെയ്യുന്നത്.
കഴിഞ്ഞദിനങ്ങളിൽ കമ്പത്ത് നാട്ടിലിറങ്ങിയതിന് തൊട്ടുപിന്നാലെ അരിക്കൊമ്പൻ ക്ഷീണിതനായിരുന്നു. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് വനംവകുപ്പ് അരിയുൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ വനത്തിൽ പലയിടത്തും എത്തിച്ചു നൽകിയതെന്നാണ് എംഎൽഎ പറയുന്നത്.
അരി കൊമ്പൻ സഞ്ചരിക്കുന്ന വഴി പരിചിതമല്ലാത്തതു കൊണ്ട് മരത്തിലോ മുൾച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായ മുറിവാകും അരിക്കൊമ്പന്റെ തുമ്പിക്കൈയിലുണ്ടായതെന്നാണ് നിഗമനം. വനംവകുപ്പ് അധികൃതരോ ജനങ്ങളോ കാരണം അരിക്കൊമ്പന് യാതൊരു തരത്തിലുള്ള പരിക്കും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
രണ്ടു ഷിഫ്റ്റുകളിലായി 300 പേരടങ്ങുന്ന സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. ആന നിലവിൽ മലയോര പ്രദേശത്തായതിനാൽ തന്നെ അവിടെ നിന്ന് സമതല പ്രദേശത്തേക്ക് എത്തിയതിനു ശേഷം മാത്രമേ മയക്കുവെടി വെക്കൂവെന്നും ജനവാസ മേഖലയിലിറങ്ങി പ്രശ്നമുണ്ടാക്കാതിരിക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആന മേഘമല വനപ്രദേശത്തേക്ക് നീങ്ങി ഉൾക്കാട്ടിലേക്ക് കടക്കുകയാണെങ്കിൽ മറ്റിടപെടലുകൾ നടത്തേണ്ട എന്ന തീരുമാനത്തിലാണ് തമിഴ്നാട് വനംവകുപ്പ്.
Discussion about this post