ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുത്തേക്കും. വിഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രിയെ റാം മന്ദിര്‍ ട്രസ്റ്റ് ക്ഷണിക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഔദ്യോഗിക അഭ്യര്‍ത്ഥനയായി കത്ത് അയക്കാനുള്ള ഒരുക്കത്തിലാണ് റാം മന്ദിര്‍ ട്രസ്റ്റ്.
ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ ഒപ്പുള്ള കത്ത് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിക്ക് അയക്കും.
ഡിസംബറിനും ജനുവരിക്കും ഇടയില്‍ ഏറ്റവും അനുകൂലമായിട്ടുള്ള തീയതികളില്‍ പ്രധാനമന്ത്രിയുടെ ലഭ്യത ഉറപ്പാക്കണമെന്നാണ് കത്തില്‍ അഭ്യര്‍ത്ഥിക്കുക. അയോധ്യയില്‍ ഏഴു ദിവസം നീളുന്ന ഉത്സവവും വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ആഘോഷിക്കും.
അതേസമയം, ഡിസംബറോടെ ക്ഷേത്രത്തില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിക്കുമെന്നും 2024 ജനുവരിയോടെ ഉദ്ഘാടനം ചെയ്യുമെന്നും രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ന്യാസ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. രാമക്ഷേത്രം തുറക്കാന്‍ നഗരം തയ്യാറെടുക്കുന്നതിനാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അയോധ്യയിലെ വിമാനത്താവളത്തിന്റെയും റെയില്‍വേ സ്റ്റേഷന്റെയും വിപുലീകരണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്.