ഭോപ്പാൽ: ജലസംഭരണിയിൽ വീണ വിലകൂടിയ മൊബൈൽ ഫോൺ കണ്ടെടുക്കാൻ 21 ലക്ഷം ലീറ്റർ വെള്ളം ഒഴുക്കി കളഞ്ഞ സംഭവം വിവാദമായതിനിടെ നടപടിയുമായി ഛത്തീസ്ഗഡ് സർക്കാർ. വെള്ളം വറ്റിക്കാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥനിൽനിന്ന് പണം ഈടാക്കാനാണ് സർക്കാർ തീരുമാനം.
ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലെ കൊയിലിബെഡ സ്വദേശിയായ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥൻ രാജേഷ് വിശ്വാസിന്റെ ഫോണാണ് ഡാമിൽ വീണത്. ഇയാളെ നേരത്തെ തന്നെ സംഭവത്തിൽ സസ്‌പെൻഡ് ചെയ്തിരുന്നു.
രാജേശ് വിശ്വാസിനൊപ്പം ചേർന്ന് ഉപയോഗശൂന്യമെന്നു കാണിച്ച് വെള്ളംവറ്റിക്കാൻ വാക്കാൽ അനുമതി നൽകിയ സബ് ഡിവിഷനൽ ഓഫിസർ ആർകെ ധിവാറിന് എതിരെയാണ് സർക്കാരിന്റെ നടപടി. ഇയാളിൽനിന്ന് പണം ഈടാക്കാനാണു നീക്കം.
വേനൽക്കാലത്ത് ജലസേചനത്തിനും മറ്റുമായി ശേഖരിച്ചിരുന്ന വെള്ളമാണു പാഴാക്കി കളഞ്ഞത്. ശമ്പളത്തിൽനിന്നു വെള്ളത്തിന്റെ തുക ഈടാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണ് ഇന്ദ്രാവതി പ്രൊജക്ട് സൂപ്രണ്ട് എൻജിനീയർ ധിവാറിന് അയച്ച കത്തിൽ പറയുന്നു.
അവധിക്കാലം ആഘോഷിക്കാൻ ഖേർകട്ട അണക്കെട്ടിന്റെ ജലസംഭരണിയായ പാറൽക്കോട്ട് റിസർവോയർ പരിസരത്തെത്തിയ രാജേഷ് സെൽഫി എടുക്തുമ്പോഴാണ് ഫോൺ വെള്ളത്തിൽ വീണത്. ഒരു ലക്ഷം രൂപ വിലയുള്ള സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ നാട്ടുകാരെ സഹായത്തിനായി സമീപിച്ചു. ഇവർ ഫോണിനായി വെള്ളത്തിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
തുടർന്നാണ് മൂന്നുദിവസം കൊണ്ട് 21 ലക്ഷം ലീറ്റർ വെള്ളം ഒഴുക്കി കളഞ്ഞ് തിരയാൻ തീരുമാനിച്ചത്. 1,500 ഏക്കർ കൃഷിയിടം നനയ്ക്കാനുള്ള വെള്ളമായിരുന്നു ഇത്. പരാതിയെ തുടർന്ന് ജലവകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പമ്പിങ് തടഞ്ഞു. ഔദ്യോഗിക വിവരങ്ങൾ അടങ്ങുന്ന ഫോൺ ആയതിനാലാണ് എടുക്കാൻ തീരുമാനിച്ചതെന്നാണു രാജേഷ് പറയുന്നത്.
അതേസമയം, ഫോൺ ഡാമിൽ നിന്നും ലഭിച്ചെങ്കിലും മൂന്നുദിവസം വെള്ളത്തിൽ കിടന്നതിനാൽ ഉപയോഗശൂന്യമായ നിലയിലാണ്. അഞ്ചടി വരെ വെള്ളം വറ്റിക്കാൻ വാക്കാൽ അനുമതി നൽകിയിരുന്നെങ്കിലും അതിലേറെ വെള്ളം പുറത്തേക്ക് ഒഴുക്കിയെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.