മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ചു: ഒരു കുടുംബത്തിലെ 10 പേര്‍ക്ക് ദാരുണാന്ത്യം; മൂന്നുപേര്‍ക്ക് ഗുരുതര പരുക്ക്

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ കുറുമ്പുറു ഗ്രാമത്തില്‍ കൊല്ലഗല്‍- ടി നരാസിപുര റോഡില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര്‍ക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു.

കര്‍ണാടകയിലെ ബെള്ളാരിയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൊല്ലഗല്‍ – ടി നരസിപുര മെയിന്‍ റോഡിലുണ്ടായ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരെല്ലാം സംഗനക്കല്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

അപകടത്തില്‍ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ 13 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും ഇവരെ പുറത്തെടുത്തപ്പോഴേക്കും പത്ത് പേരും മരിച്ചിരുന്നുവെന്നും മൈസുരു എസ് പി സീം ലാട്കര്‍ പറഞ്ഞു. ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കാര്‍ യാത്രികര്‍.

ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ചാമുണ്ടി ഹില്‍ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്കു മടങ്ങാനായി റെയില്‍വേ സ്റ്റേഷനിലേക്കു പോകുമ്പോഴായിരുന്നു അപകടം.

അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന് കാറിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെടുക്കാന്‍ നാട്ടുകാരും ംപാലീസും ഏറെ ബുദ്ധിമുട്ടി. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെയും മൈസുരു കെ.ആര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പരുക്കേറ്റ ബസിലെ യാത്രക്കാരായ 20 പേരെ ടി നരസിപ്പുര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version