ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ, ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡി പുഷ്പാർചന നടത്തിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ പുതിയ മന്ദിരത്തിനു പുറത്ത് പൂജ നടത്തുകയും പ്രധാനമന്ത്രിയെ പൂർണകുംഭം നൽകി പൂജയിലേക്ക് പുരോഹിതർ സ്വീകരിക്കുകയും ചെയ്തു. പൂജയ്ക്കിടെ, ചെങ്കോലിനു മുന്നിൽ പ്രധാനമന്ത്രി സാഷ്ടാംഗം നമസ്കരിച്ചു.
തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി. തുടർന്ന് പുരോഹിതരുടെ അകമ്പടിയോടെ ചെങ്കോലുമായി ലോക്സഭയിലെത്തിയ പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം ചെങ്കോൽ സ്ഥാപിച്ചു.
ഒപ്പം ലോക്സഭയിൽ നിലവിളക്ക് തെളിച്ചു. പിന്നീടാണ് ഉദ്ഘാടന ഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത് പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചത്.
പുതിയ പാർലമെന്റ് നിർമിച്ച തൊഴിലാളികളെ അദ്ദേഹം ആദരിച്ചു. ശേഷം പാർലമെന്റ് ലോബിയിൽ സർവമത പ്രാർഥനയും നടത്തി. പ്രാർഥനയ്ക്കുശേഷം വിവിധ മേഖലയിലുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തി.
Discussion about this post