ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സ്ഥാപനത്തെ വരിഞ്ഞുമുറുക്കി ഇഡി. ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ 36.3 കോടി രൂപയുടെ സ്ഥാവര ആസ്തികളും 34.7 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടി.
അനധികൃത പണമിടപാടുകേസിൽ നിയമനടപടി നേരിടുന്ന സ്ഥാപനത്തിൽനിന്ന് ഒരു കോടിരൂപ കൈപ്പറ്റിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. സിനിമാ നിർമാണ രംഗത്തെ പ്രമുഖരായ ലൈക്ക ഗ്രൂപ്പ് നൽകിയ പരാതിയിൽ കല്ലാൽ ഗ്രൂപ്പിനെതിരെ അന്വേഷണം നടക്കുന്നതിന്റെ തുടർച്ചയായാണ് ഉദയനിധി ഫൗണ്ടേഷന് എതിരായ നടപടി.
കല്ലാൽ ഗ്രൂപ്പുമായുള്ള ഇടപാടിൽ ലൈകയ്ക്ക് 300 കോടി രൂപ നഷ്ടം നേരിട്ടെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിൽനിന്ന് ഒരു കോടിരൂപ ഉദയനിധി ഫൗണ്ടേഷന് ലഭിച്ചിരുന്നെന്നും പരിശോധനയിൽ തെളിഞ്ഞു.
ALSO READ- കമ്പത്തെ വിറപ്പിച്ച അരികൊമ്പൻ കാടുകയറി; മയക്കുവെടി വെയ്ക്കില്ല; 30 വരെ കമ്പത്ത് നിരോധനാജ്ഞ
കുറ്റം ചെയ്ത ഒരു സ്ഥാപനത്തിൽനിന്ന് പണം കൈപ്പറ്റിയത് എന്തിനെന്ന് വിശദീകരിക്കുന്നതിൽ ഫൗണ്ടേഷൻ അധികാരികൾ പരാജയപ്പെട്ടെന്നും തുടർന്നാണ് നടപടിയെന്നും ഇഡി അറിയിച്ചു. ലൈക ഗ്രൂപ്പിന്റെയും കല്ലാൽ ഗ്രൂപ്പിന്റെയും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.