നാഗർകോവിൽ: വീടിനകത്തേക്ത് അതിക്രമിച്ച് കയറി കളി തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ സ്വർണാഭരണം കവർന്ന് കള്ളന്മാർ. നാഗർകോവിൽ ഇടലാക്കുടി പുതുത്തെരുവിൽ ഉമർബാബുവിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.
സംഭവസമയത്ത് ഉമർബാബു ഒറ്റയ്ക്കായിരുന്നു വീട്ടിൽ. ഉമർബാബുവിന്റെ ഭാര്യയും ബന്ധുക്കളും പുറത്തുപോയതായിരുന്നു. ഇവർ തിരികെ എത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. നരവധി തവണ വിളിച്ചിട്ടും തുറന്നില്ല.
ഇതോടെ ഇവരുടെ ബഹളം കേട്ട് സമീപവാസികളും എത്തി. അൽപസമയം കഴിഞ്ഞ് പർദ ധരിച്ച സ്ത്രീ വാതിൽ തുറന്ന് ഉമർബാബുവിന്റെ ബന്ധുവാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയെ ബലമായി വീടിന് ഉള്ളിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു.
എന്നാൽ സംശയം തോന്നിയ സമീപവാസികൾ വീടിനുള്ളിലേക്ക് കടക്കാൻ ശ്രമം ആരംഭിച്ചു. ഇതോടെ പണി പാളിയെന്ന് മനസിലായ കള്ളന്മാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം, വീടിന്റെ മുകളിലത്തെ നിലയിൽ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു ഉമർബാബു. വീട്ടിൽ നിന്ന് കളിത്തോക്ക്, അരിവാൾ, പർദ എന്നിവ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു.
അതേസമയം, ഓടി രക്ഷപ്പെടുന്നതിനിടെ ഒരു കള്ളനെ നാട്ടുകാർ ചേർന്ന് പിടികൂടുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ഒരു സ്ത്രീ ഉൾപ്പെടെ മറ്റു രണ്ട് പേർ കൂടി പിടിയിലായി. 2 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഡിവൈഎസ്പി നവീൻകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസേറ്റെടുത്തിരിക്കുന്നത്.
Discussion about this post