കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയ്ക്ക് ജോലി: താല്‍ക്കാലിക ഉത്തരവ് റദ്ദാക്കി വീണ്ടും നിയമനം നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: അടുത്തിടെ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ വകുപ്പില്‍ നല്‍കിയ താല്‍ക്കാലിക ജോലി റദ്ദാക്കിയ തീരുമാനം തിരുത്തി വീണ്ടും ജോലി നല്‍കി കര്‍ണ്ണാടക സര്‍ക്കാര്‍.

ബിജെപി പ്രവര്‍ത്തകന്‍ പ്രവീണ്‍ കുമാര്‍ നെട്ടാരുവിന്റെ ഭാര്യ നൂതന്‍ കുമാരിയുടെ നിയമന ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നിയമനം റദ്ദാക്കി ഒരു ദിവസത്തിന് ശേഷം വീണ്ടും നൂതന്‍ കുമാരിക്ക് ജോലി നല്‍കുന്നതായി സിദ്ധരാമയ്യ അറിയിക്കുകയായിരുന്നു. മാനുഷിക കാരണങ്ങളിലാണ് ജോലി തിരികെ നല്‍കുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം, മുന്‍ സര്‍ക്കാര്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് സ്വാഭാവിക നടപടിയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയെ മാത്രമല്ല, 150 ലധികം കരാര്‍ തൊഴിലാളികളെ ഇതിനകം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഇടപെടലില്ല. എന്നാല്‍ നൂതന്‍ കുമാരിയുടേത് പ്രത്യേക കേസായി പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ വീണ്ടും നിയമിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് നൂതന്‍ കുമാരിയ്ക്ക് കഴിഞ്ഞ വര്‍ഷം ജോലി നല്‍കിയത്. ദക്ഷിണ കന്നഡയിലെ മംഗളുരുവിലെ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതന്‍ കുമാരിക്ക് നിയമനം നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം.

എന്നാല്‍ പുതിയതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കുകയായിരുന്നു. 2022 ജൂലൈ 26നാണ് നൂതന്റെ ഭര്‍ത്താവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. കേസ് ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷിക്കുന്നത്. പ്രവീണിന്റെ കുടുംബത്തിന് ബിജെപി 60 ലക്ഷം രൂപ ചെലവിട്ടു വീട് നിര്‍മിച്ചു നല്‍കിയിരുന്നു.

Exit mobile version