ന്യൂഡൽഹി: പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി ജനം വലിയ ആവേശത്തിൽ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ പാർലമെന്റ് വേദിയാവട്ടെയെന്നും മോഡി ട്വീറ്റ് ചെയ്തു. ചടങ്ങിലേക്ക് ചെങ്കോൽ നിർമ്മിച്ച വുമ്മിടി കുടുംബത്തെ ക്ഷണിച്ചിട്ടുണ്ട്. ഇവരെ ചടങ്ങിൽ ആദരിക്കും. 15 കുടുംബാംഗങ്ങളാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക.
അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് 12 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവ്വഹിക്കും. ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം ലോക്‌സഭ സ്പീക്കർ ഓം ബിർലയും പങ്കെടുക്കും. ചടങ്ങിലേക്ക് എംപിമാർ, മുൻ പാർലമെന്റ് സഭാധ്യക്ഷന്മാർ, മുഖ്യമന്ത്രിമാർ, സിനിമ താരങ്ങൾ, തുടങ്ങിയവർക്ക് ക്ഷണമുണ്ട്.
എന്നാല്, ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് 21 പ്രതിപക്ഷ പാർട്ടികൾ കൂട്ടത്തോടെ തീരുമാനമെടുത്തി. 6 പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. രാവിലെ ഏഴരയോടെ പൂജ ചടങ്ങുകൾ തുടങ്ങും. 9 മണി വരെ നീളുന്ന പൂജയിൽ രാജ്യത്തെ ആധ്യാത്മിക നേതാക്കൾ പങ്കെടുക്കും.
ഇതിനിടെ സ്വാതന്ത്ര്യ സമരത്തിലെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി സർക്കാർ അവകാശപ്പെട്ട ചെങ്കോൽ ചടങ്ങിൽ പ്രധാനമന്ത്രിക്ക് നൽകും. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കും. പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനിരിക്കുന്ന ചെങ്കോലിനെ ചൊല്ലി രാഷ്ട്രീയ വിവാദം കത്തുകയാണ്.
Discussion about this post