ഉത്തരാഖണ്ഡ്: മുസ്ലിം യുവാവുമായി നിശ്ചയിച്ചുറപ്പിച്ച മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് യശ്പാല്‍ ബേനമാണ് മകളുടെ വിവാഹം റദ്ദാക്കിയത്.
വിശ്വ ഹിന്ദു പരിഷത്ത്, ഭൈരവ് സേന, ബജ്‌റംഗ് ദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘനകളാണ് വിവാഹത്തിനും ബിജെപി നേതാവിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയത്. നേതാവിന്റെ കോലം കത്തിച്ചാണ് സംഘടനകള്‍ പ്രതിഷേധിച്ചത്. തുടര്‍ന്നാണ് ഇയാള്‍ വിവാഹം റദ്ദാക്കിയതായി അറിയിച്ചത്.
പൗരി ചെയര്‍പേഴ്‌സണാണ് യശ്പാല്‍. മെയ് 28നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. മകളുടെ സന്തോഷം മാത്രം കണക്കിലെടുത്താണ് മുസ്ലിം യുവാവുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.
എന്നാല്‍, കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ പൊതുജനാഭിപ്രായം കൂടി തനിക്ക് കണക്കിലെടുക്കണമെന്നും അതുകൊണ്ടുതന്നെ മകളുടെ വിവാഹം റദ്ദാക്കുകയാണെന്നും ഇദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
വിവാഹക്ഷണക്കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇത്തരം വിവാഹങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് വിഎച്ച്പി ഭാരവാഹികള്‍ പറഞ്ഞു.
മിശ്ര വിവാഹത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ബിജെപി നേതാക്കള്‍ തന്നെ മക്കളെ മുസ്ലിം യുവാക്കളുമായി വിവാഹം ചെയ്ത് കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിവാഹം തടയുമെന്നുമാണ് വിഎച്ച്പി നേതാക്കള്‍ പറയുന്നത്.