ചെന്നൈ: നോട്ട് നിരോധനവും തമിഴ് ചിത്രം പിച്ചൈക്കാരനും തമ്മിലുള്ള യാദൃശ്ചികത ചര്‍ച്ചയാകുന്നു. 2016ലാണ് പിച്ചൈക്കാരന്‍ എന്ന ചിത്രം റിലീസ് ചെയ്തത്. വിജയ് ആന്റണി പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ശശിയാണ്. അമ്മയുടെ ജീവന്‍ രക്ഷിക്കാനായി ക്ഷേത്രങ്ങളില്‍ പിച്ചയെടുക്കുന്ന ഒരു കോടീശ്വരന്റെ കഥയാണ് ചിത്രം പറഞ്ഞത്.
എന്നാല്‍ ചിത്രം വന്‍ ഹിറ്റായിരുന്നെങ്കിലും 2016 നവംബറിലാണ് ചിത്രം വന്‍ വാര്‍ത്തയായത്. ചിത്രത്തിലെ ഒരു സീനില്‍ ഒരു യാചകന്‍ ഫോണില്‍ സംസാരിക്കുന്ന സീന്‍ ഉണ്ട്. ഇതില്‍ ഇയാള്‍ രാജ്യത്ത് സാമ്പത്തിക നില നേരെയാകണമെങ്കില്‍ 1000,500 നോട്ടുകള്‍ നിരോധിക്കണമെന്ന് പറയുന്നുണ്ടായിരുന്നു. അതുപോലത്തന്നെ ചിത്രം ഇറങ്ങി മാസങ്ങള്‍ക്ക് ശേഷം 2016 നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധിക്കുകയും ചെയ്തു.
കള്ളപ്പണത്തിനെതിരായ ഈ നീക്കം ഈ ചിത്രത്തില്‍ നേരത്തെ വന്നത് അന്ന് വലിയ ചര്‍ച്ചയായിരുന്നു. ഇത്തരം ഒരു കാര്യം അപ്രതീക്ഷിതമായി സംഭവിച്ചതാണ് എന്നാണ് സംവിധായകന്‍ ശശിയും, നടന്‍ വിജയ് ആന്റണിയും അന്ന് പ്രതികരിച്ചത്.
എന്നാല്‍ ഇപ്പോള്‍ വീണ്ടും അത്തരം ഒരു യാദൃശ്ചികത സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പിച്ചൈക്കാരന്‍ 2 എന്ന ചിത്രം ഇറങ്ങിയത്. 2016ലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും നായകന്‍ വിജയ് ആന്റണി തന്നെയാണ്.
കഴിഞ്ഞ ദിവസം ചിത്രം തിയ്യേറ്ററിലെത്തിയിരുന്നു. റിലീസ് ദിവസം തന്നെയാണ് ആര്‍ബിഐ 2000 രൂപ നോട്ടുകള്‍ നിരോധിക്കുന്നു എന്ന കാര്യം പ്രഖ്യാപിച്ചത്. സെപ്തംബര്‍ 30 വരെ മാത്രമാണ് 2000 രൂപ നോട്ട് ഉപയോഗിക്കാനാവുക.