കൊച്ചി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ ഗുജറാത്തിലെ നര്‍മദ നദിക്കരയില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്കു (സ്റ്റാച്യൂ ഓഫ് യൂണിറ്റി) പൊതുമേഖല
എണ്ണക്കമ്പനികള്‍ നല്കിയ കോടികളുടെ വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും (ഐഒസി), ഭാരത് പെട്രോളിയം കോര്‍പറേഷനും (ബിപിസിഎല്‍) ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും (എച്ച്പിസിഎല്‍) ചേര്‍ന്നു പട്ടേല്‍ പ്രതിമയ്ക്കായി ചെലവഴിച്ചത് 180 കോടി രൂപ.
ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ഐഒസി മാത്രം പട്ടേല്‍ പ്രതിമ നിര്‍മിക്കാന്‍ നല്കിയത് 90 കോടി രൂപയാണ്. പ്രതിമാ നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാഷ്ട്രീയ ഏകതാ ട്രസ്റ്റിനാണു തുക കൈമാറിയതെന്നു വിവരാവകാശ നിയമപ്രകാരം ഐഒസി നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. 2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളില്‍ രണ്ടു തവണയായാണു തുക കൈമാറിയത്.
എച്ച്പിസിഎലും ഭാരത് പെട്രോളിയം കോര്‍പറേഷനും രണ്ടു തവണയായി 45 കോടി രൂപ വീതം നല്കി. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ഫണ്ടില്‍നിന്നാണു മൂന്നു കന്പനികളും പ്രതിമയ്ക്കു സംഭാവന നല്കിയത്. പ്രതിമയോടനുബന്ധിച്ചുള്ള പരിസരങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, ലൈബ്രറി നിര്‍മാണം തുടങ്ങിയവയ്ക്കാണ് ഈ തുക ചെലവഴിക്കുകയെന്നും രേഖകളില്‍ പറയുന്നു.
കൊച്ചി സ്വദേശി രാജു വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിനു നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണു പട്ടേല്‍ പ്രതിമയ്ക്കായി കൊടുത്ത തുക സംബന്ധിച്ച് എണ്ണക്കമ്പനികള്‍ വിശദീകരണം നല്കിയത്. 182 മീറ്റര്‍ ഉയരത്തില്‍ ആകെ 2989 കോടി രൂപ ചെലവഴിച്ചാണു സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപത്തു പട്ടേല്‍പ്രതിമ നിര്‍മിച്ചിട്ടുള്ളത്.
Discussion about this post