ചെന്നൈ: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ചെന്നൈയിലെ വീട് വിറ്റു. തമിഴ് സിനിമാ നടനും നിര്‍മാതാവുമായ മണികണ്ഠനാണ് ചെന്നൈ അശോക് നഗറിലുള്ള സുന്ദര്‍ പിച്ചൈയുടെ കുടുംബവീട് സ്വന്തമാക്കിയത്.
ഈ വീട്ടിലാണ് സുന്ദര്‍ പിച്ചൈ ജനിച്ചതും വളര്‍ന്നതും. 1989 ല്‍ ഐഐടി ഖരക്പൂരില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നതു വരെ സുന്ദര്‍ പിച്ചൈ താമസിച്ചതും ഈ വീട്ടിലായിരുന്നു.
നടനും നിര്‍മാതാവും റിയല്‍ എസ്റ്റേറ്റ് ഡവലപ്പറുമായ മണികണ്ഠനാണ് വീട് വാങ്ങിയത്. വീട്ടിന്റെ ഉടമസ്ഥാവകാശ കൈമാറ്റ സമയത്ത് സുന്ദര്‍ പിച്ചൈയുടെ പിതാവ് വികാരധീനനായതായി മണികണ്ഠന്‍ പറയുന്നു.
ഗൂഗിള്‍ സിഇഒയുടെ മാതാപിതാക്കളുടെ വിനയത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചുമാണ് മണികണ്ഠന്‍ വാചാലനായി. വീടിന്റെ കൈമാറ്റ പ്രക്രിയയോ രജിസ്‌ട്രേഷനോ വേഗത്തിലാക്കാന്‍ മകന്റെ പേരോ വിവരങ്ങളോ ഉപയോഗിക്കരുതെന്ന് പിതാവിന് നിര്‍ബന്ധമായിരുന്നുവെന്നും മണികണ്ഠന്‍ പറയുന്നു.
Read Also: ‘കൂടെ പോരുന്നോ’, ലൈംഗിക തൊഴിലാളിയെന്ന് കരുതി ക്ഷണിച്ചു; യുവാവിനെ ഞെട്ടിച്ച് അധ്യാപികയുടെ പെരുമാറ്റം
അതിനാല്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം മണിക്കൂറുകളോളം രജിസ്‌ട്രേഷന്‍ ഓഫീസില്‍ കാത്തിരുന്നു. രേഖകള്‍ കൈമാറുന്നതിന് മുമ്ബ് ആവശ്യമായ എല്ലാ നികുതികളും അടച്ചു. മാതാപിതാക്കളുടെ വിനയവും എളിമയുള്ള സമീപനവും തന്നെ വിസ്മയിപ്പിച്ചുവെന്നും മണികണ്ഠന്‍ വ്യക്തമാക്കി.
റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ കൂടിയായ മണികണ്ഠന്‍ അശോക് നഗറിലെ സുന്ദര്‍ പിച്ചൈയുടെ വീട് വില്‍ക്കുന്നുണ്ടെന്ന് അറിഞ്ഞയുടനെ അദ്ദേഹത്തിന്റെ മാതാപിതാക്കളെ സമീപിക്കുകയായിരുന്നു. ഗൂഗിള്‍ തലവന്‍ ജനിച്ചു വളര്‍ന്ന വീടാണെന്നത് മാത്രമായിരുന്നു തന്നെ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറയുന്നു.
രാജ്യത്തിന്റെ അഭിമാനമായ സുന്ദര്‍ പിച്ചൈ താമസിച്ചിരുന്ന വീട് വാങ്ങുന്നത് തന്റെ ജീവിതത്തിലെ അഭിമാനകരമായ നേട്ടമാണെന്നാണ് മണികണ്ഠന്‍ പറയുന്നത്. പിച്ചൈയുടെ പിതാവാണ് ഈ വീട് നിര്‍മിച്ചത്. ഈ വീട് പുതുക്കി പണിത് വില്ല നിര്‍മിക്കാനാണ് മണികണ്ഠന്റെ പദ്ധതി. ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.