ബംഗളൂരു: നാല് ദിനമായി തെരഞ്ഞെടുപ്പ് ഫലം വന്നിട്ട്, കർണാടകയിൽ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തി. എന്നിട്ടും മുഖ്യമന്ത്രി ആരെന്ന്തീരുമാനിക്കാൻ സാധിക്കാതെ നട്ടംതിരിയുകയാണ് കോൺഗ്രസ്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരു പോലെ പ്രിയപ്പെട്ടവരായതിനാൽ രണ്ടുപേരെയും പിണക്കാതെ തീരുമാനത്തിലെത്താനുള്ള പ്രയാസമാണ് നിലവിൽ.
ഡികെയും സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി പോരടിക്കാൻ തുടങഅങിയതോടെ ഹൈക്കമാൻഡിന് ഒരു തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ല. ഖാർഗെ, സോണിയ, രാഹുൽ, സുർജേവാല തുടങ്ങിയ നേതാക്കൾ അനുനയശ്രമങ്ങളുമായി ഇരുവരുമായും സംസാരിച്ചുവെങ്കിലും അന്തിമമായ തീരുമാനം കൈക്കൊള്ളാനായിട്ടില്ല.
തുടക്കത്തിൽ ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടേക്കും എന്നായിരുന്നു പുറത്തെത്തിയ സൂചനകൾ. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും ശേഷം മൂന്ന് വർഷം ഡികെ ശിവകുമാറും എന്നതായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ഫോർമുല. ഇത് അംഗീകരിക്കാൻ ഡികെ കൂട്ടാക്കിയില്ല. തുടർന്ന് ഡികെയ്ക്ക് മുമ്പിൽ വൻ ഓഫറുകളും നേതൃത്വം മുന്നോട്ട് വെച്ചെന്നാണ് റിപ്പോർട്ടുകൾ.
ഡികെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ആറ് പ്രധാന വകുപ്പുകളും ഓഫറായി നൽകി. എന്നാൽ ഇതിനിടെ ഒന്നിലേറെ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും എന്നുള്ളതുകൊണ്ട് അതിലൊരാളാവാൻ ഡികെ വിസമ്മതിക്കുകയായിരുന്നു. ഒരു ഉപമുഖ്യമന്ത്രി ആണെങ്കിൽ മാത്രമേ സ്വീകരിക്കൂ എന്ന നിലപാടിലാണ് ഡികെ.
ആഭ്യന്തരം വേണമെന്നും രണ്ടുവർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറും എന്ന് പരസ്യമായിത്തന്നെ പ്രഖ്യാപിക്കുകയും വേണമെന്ന് ഡികെ ആവശ്യപ്പെട്ടെന്നാണ് സൂചന. എന്നാൽ പുറത്തുകേൾക്കുന്നതൊക്കെ വെറും ഊഹാപോഹങ്ങളാണെന്നും ഇതുവരെ കേട്ടതൊന്നും സത്യമല്ലെന്നും ഡികെ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു.
കർണാടകയിൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉടനെ പ്രഖ്യാപിക്കുമെന്നുമുള്ള വാർത്തകൾ കോൺഗ്രസ് നേതൃത്വം തള്ളി. കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നു എന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയത്.
അതേസമയം, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് വൈകിയതോടെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ഒരുക്കങ്ങൾ നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ നേതാക്കൾ എല്ലാവരും ഡൽഹിയിൽ തന്നെ തുടരുകയാണ്. ഡികെ വീണ്ടും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.