അമൃത്സർ: ദുബായ്-അമൃത്സർ വിമാനത്തിൽ വെച്ച് എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത യാത്രക്കാരൻ അറസ്റ്റിൽ. പഞ്ചാബിലെ ജലന്തറിലെ കോട്‌ലി സ്വദേശി രജീന്ദർ സിംഗാണ് മദ്യലഹരിയിൽ എയർഹോസ്റ്റസുമായി തർക്കിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തത്.
താൻ അതിക്രമത്തിന് ഇരയായ വിവരം എയർ ഹോസ്റ്റസ് ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തി. ക്രൂവിലെ അംഗങ്ങൾ വിഷയം അമൃത്‌സർ കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് എയർലൈനിന്റെ സഹസുരക്ഷ മാനേജർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
അമൃത്‌സറിലെ ശ്രീ ഗുരു രാമദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തതോടെ പ്രതിയെ പോലീസെത്തി പിടികൂടുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (ബലം പ്രയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുക), സെക്ഷൻ 509 (വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി എന്നിവ ഉപയോഗിച്ച് സ്ത്രീകളോട് മോശമായി പെരുമാറുക) എന്നീ വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്.