അനുവാദമില്ലാതെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി: പരാതി നല്‍കി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

മുംബൈ: തന്റെ പേരും ചിത്രങ്ങളും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. നിരവധി പേര്‍ അനുവാദമില്ലാതെ തന്റെ വ്യക്തിത്വം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സച്ചിന്‍ മുംബൈ പോലീസില്‍ പരാതി നല്‍കി.

മരുന്നുകളുടെ പരസ്യത്തിലും മറ്റും അദ്ദേഹത്തിന്റെ പേരും ചിത്രങ്ങളും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച വെസ്റ്റ് റീജ്യന്‍ സൈബര്‍ പോലീസ് സ്റ്റേഷനിലാണ് സച്ചിന്‍ പരാതി നല്‍കിയത്. ഒരു മരുന്നു കമ്പനി ഓണ്‍ലൈന്‍ പരസ്യത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തിയെന്നു പരാതിയില്‍ പറയുന്നു. മരുന്ന് കച്ചവടത്തിന് സച്ചിന്റെ പേര് ഉള്‍പ്പെടുത്തിക്കൊണ്ടുതന്നെ വെബ്‌സൈറ്റ് ഉണ്ടാക്കി. ഈ പരസ്യങ്ങളില്‍ സച്ചിന്റെ ചിത്രം ഉപയോഗിച്ചതായും പരാതിയിലുണ്ട്.

പേരോ, ചിത്രമോ ഉപയോഗിക്കാന്‍ സച്ചിന്‍ മരുന്നു കമ്പനിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും, അതുകൊണ്ടു തന്നെ നിയമനടപടി കൈക്കൊള്ളണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഐപിസി സെക്ഷന്‍ 420 (കബളിപ്പിക്കല്‍), 465 (കള്ള ആധാരമുണ്ടാക്കല്‍), 500 (മാനനഷ്ടം) വകുപ്പുകളും ഐടി ആക്ടും ചുമത്തിയാണ് പോലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. സച്ചിന്റെ പരാതിയില്‍ അന്വേഷണം തുടരുകയാണ്.

Exit mobile version