ബെംഗളൂരു: കർണാക തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ കനത്ത പരാജയം നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. തോൽവി സമ്മതിക്കുന്നെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചിരുന്നു. പിന്നാലെ ഉണ്ടായ പരാജയത്തിൽ പ്രവർത്തകർ ആശങ്കാകുലരാകേണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയുടെ മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പ.
തെരഞ്ഞെടുപ്പിലെ പരാജയകാരണം വിലയിരുത്തുമെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘വിജയവും പരാജയവും ബിജെപിക്ക് പുതിയ കാര്യമല്ല. ജനവിധിയെ ബഹുമാനത്തോടെ അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പിൽ ഫലത്തിൽ ബിജെപി പ്രവർത്തകർ ആശങ്കപ്പെടേണ്ടതില്ല. പാർട്ടിക്കേറ്റ തിരിച്ചടിയെ ഞങ്ങൾ വിശകലനം ചെയ്യും.’- യെദ്യൂരപ്പ പറഞ്ഞു.
കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മേൽനോട്ടത്തിലുള്ള കർണാടകയിലെ ബിജെപി സർക്കാർ നിരവധി വികസനപ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയത്. വികസനത്തിനായി എല്ലാ സഹകരണവും തുടർന്നും തങ്ങൾ നൽകുമെന്നും യെദ്യൂരപ്പ പറഞ്ഞു.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റും പിന്നിട്ട് 136 സീറ്റുകളിലാണ് നിലവിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 63 സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം. കർണാടകയിലും ഭരണം പോയതോടെ ദക്ഷിണേന്ത്യ ബിജെപി മുക്തമായിരിക്കുകയാണ്.