ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തോൽവിയുടെ ആഘാതത്തിലാണ് നേതാക്കൾ എന്ന് തെളിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണം. തോൽവിയിൽ പ്രതികരിക്കാൻ കഴിയില്ലെന്ന് വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് നടന്നത് കർണാടകയിലാണെന്നും താൻ കേരളത്തിലെ നേതാവാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ‘തിരഞ്ഞെടുപ്പ് നടന്നത് കർണാടകത്തിലാണ്. ഞാൻ കേരളത്തിലെ നേതാവാണ്. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കർണാടകത്തിലെ നേതാക്കൾ ആവശ്യമായ വിലയിരുത്തൽ നടത്തി കാര്യങ്ങൾ പറയും. കേന്ദ്രമന്ത്രി ആയതുകൊണ്ട് കാര്യമില്ല. വിദേശകാര്യ വകുപ്പാണ് എന്റേത്. അതിനെ കുറിച്ചാണെങ്കിൽ സംസാരിക്കാം’ – എന്നാണ് മന്ത്രി പറഞ്ഞത്.
ബിജെപി തിരഞ്ഞെടുപ്പിൽ ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണത്. ഒരു തിരഞ്ഞെടുപ്പിൽ തോറ്റതോട് കൂടി ബിജെപി ഇല്ലാതാകില്ലെന്നും മന്ത്രി മുരളീധരൻ വിശദീകരിച്ചു.
എല്ലാ തിരഞ്ഞെടുപ്പിലും എല്ലാ നേതാക്കളും അതത് സംസ്ഥാനങ്ങളിൽ പോയി പ്രചാരണത്തിൽ പങ്കെടുക്കാറുണ്ടെന്നും മോഡിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തെ കുറിച്ച് മുരളീധരൻ പറഞ്ഞു.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും തോറ്റ ബിജെപി പിന്നീട് നടന്ന ലോക്സഭയിൽ ജയിച്ചു. അതുകൊണ്ട് സാമാന്യ ബുദ്ധിയുള്ളവർക്ക് കാര്യങ്ങൾ വിലയിരുത്താമെന്നാണ് വി മുരളീധരന്റെ പ്രതികരണം.
Discussion about this post