ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിയ്ക്കെതിരെ ബിജെപി എംപി മീനാക്ഷി ലേഖി രംഗത്ത്. മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും, 41 ദിവസം വ്രതമെടുത്തുവേണം ശബരിമലയ്ക്കു പോകാന്‍. ഇതിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ കോടതിക്കു കഴിയുമോയെന്നും മീനാക്ഷി ലേഖി ലോക്സഭയില്‍ ചോദിച്ചു. ക്രിസ്തു ജനിച്ച സ്ഥലം സുപ്രീം കോടതിക്കു നിശ്ചയിക്കാന്‍ കഴിയുമോയെന്നും അവര്‍ ചോദിച്ചു. ശൂന്യവേളയിലായിരുന്നു ലോക്സഭയില്‍ ശബരിമല വിഷയം ഉന്നയിച്ചത്.
കേരളത്തെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.
‘ സംസ്ഥാനത്തെ യുദ്ധക്കളമാക്കിയതിനു പിന്നില്‍ ഒരാളുണ്ടെങ്കില്‍ അത് പിണറായി വിജയനാണ്. യുവതികളെ ട്രാന്‍സ്ജെന്ററുകളെപ്പോലെ വസ്ത്രം ധരിപ്പിച്ച് പുലര്‍ച്ചെ ഒരു മണിക്ക് കൊണ്ടുപോയിരിക്കുന്നു. യുവതികള്‍ ഭക്തരായിരുന്നുവെങ്കില്‍ രാത്രി ഇതു ചെയ്യുന്നതിനു പകരം പകല്‍ ചെയ്യുമായിരുന്നു.’ ലേഖി പറഞ്ഞു.
വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചാണ് രണ്ട് യുവതികളെ പോലീസ് സന്നിധാനത്തെത്തിച്ചത്. ട്രാന്‍സ്ജെന്റേഴ്സ് ആണെന്നാണ് പോലീസ് പറഞ്ഞത്. ആംബുലന്‍സ് പോലും ഇതിനായി ഉപയോഗിച്ചു. ദര്‍ശനം നടത്തിയ യുവതികള്‍ അയ്യപ്പ വിശ്വാസികള്‍ ആയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നു പ്രതിപക്ഷ എം.പിമാര്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.