ബംഗളൂരു: ആവനാഴിയിൽ അവശേഷിക്കുന്ന അവസാനത്തെ അമ്പും എടുത്താണ് ബിജെപി ഇത്തവണ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്. ഹിന്ദുത്വ കാർഡ് ശക്തമായി ഇറക്കിയ പ്രധാനമന്ത്രി മോഡിയും ആഭ്യന്ത്രമന്ത്രി അമിത്ഷായും കളം നിറഞ്ഞെങ്കിലും തോറ്റാടാനായിരുന്നു ‘ജനവിധി’. ജയ് ബജ്റംഗ്ബലി മുഴങ്ങും തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴെന്ന് വീമ്പിളക്കിയ മോഡിക്ക് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് വരാൻ പോലും നാണക്കേട് അനുവദിക്കുന്നില്ല ഫലം വന്നപ്പോൾ.
കർണാടകയിലെ തെരഞ്ഞടെുപ്പിന് കേരളത്തെ പോലും പ്രചാരണായുധമാക്കിയിരുന്നു ബിജെപി. കേരള വിരുദ്ധ വികാരം സൃഷ്ടിച്ച് വോട്ടുകൾ കൊയ്യാനായിരുന്നു പദ്ധതി. ‘നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്. ഞാൻ കൂടുതലൊന്നും പറയുന്നില്ല.’- എന്നായിരുന്നു ബിജെപിയുടെ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞത്.
കേരളവിരുദ്ധ പ്രചാരണവും ധ്രുവീകരണ രാഷ്ട്രീയവും പയറ്റാനായി നടത്തിയ ഈ നീക്കം പാളിയിരിക്കുകയാണ്. ജനങ്ങളെ ഭീതിയിലാക്കുന്ന എന്തോ കേരളത്തിലുണ്ടെന്ന് മുഴച്ചുകേട്ട ഈ വാക്കുകൾക്ക് ശക്തി പകർന്ന് ദ കേരള സ്റ്റോറി സിനിമയെ പ്രചാരണ ആയുധമാക്കി മോഡിയും രംഗത്തെത്തി. അയൽ സംസ്ഥാനമായ കേരളത്തിന്റെ അവസ്ഥയിലേക്ക് പോകണോ എന്ന് ചോദിച്ച ബിജെപി നേതാക്കൾ തന്നെ കർണാടകയെ നമ്പർ വൺ ആക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെ കേരളമാണോ ഇപ്പോഴത്തെ നമ്പർ വൺ എന്ന് ബിജെപിയോട് പലരും ചോദിച്ചിരുന്നു. ആവശ്യമില്ലാതെ കർണാടകത്തിലേക്ക് കേരളത്തിന്റെ പേര് വലിച്ചിഴച്ച ബിജെപി പരാജയം ഏറ്റ് വാങ്ങുമ്പോൾ കേരളത്തിലും സന്തോഷം അലയടിക്കുകയാണ്. കേരളത്തെ നാണക്കേടിലേക്ക് തള്ളിവിട്ട വാദങ്ങൾ ഇതോടെ ബിജെപി പിൻവലിക്കുമെന്ന് ആശ്വസിക്കാം.
അതേസമയം, ബിജെപി നേതാക്കൾ കേരളവിരുദ്ധമായി പ്രചരിപ്പിച്ച വാക്കുകൾ കേരളത്തിലേക്ക് നോക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചെന്ന് തന്നെയാണ് തെരഞ്ഞടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ബിജെപിയെ ഭരണത്തിൽ നിന്നും പുറത്തുനിർത്തിയിരിക്കുകയാണ് ജനങ്ങൾ. ഇതോടെ തെന്നിന്ത്യയിലെ അവസാനത്തെ ബിജെപി സംസ്ഥാനവും ബിജെപി മുക്തമായിരിക്കുകയാണ്.
ബിജെപി സർക്കാരിന്റെ സ്ഥിരതയില്ലാത്ത മന്ത്രിസഭയും ഭരണവിരുദ്ധ വികാരവുമാണ് ജനങ്ങളെ കോൺഗ്രസിലേക്ക് വീണ്ടും അടുപ്പിച്ചത്. സർക്കാരിന്റെ അഴിമതി ആരോപണങ്ങളിലും മുങ്ങിനിന്ന കർണാടകത്തിലെ പാർട്ടിയെ രക്ഷിച്ചെടുക്കാൻ മോഡി പ്രഭാവത്തിനും സാധിച്ചില്ല.
തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ കർണാടകയിൽ 13 പൊതുയോഗങ്ങളും രണ്ട് വമ്പൻ റോഡ് ഷോകളുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത്.ഈ റോഡ് ഷോയിൽ വൻ ജനസാന്നിധ്യമുണ്ടായിരുന്ന ബംഗളൂരു മേഖലയിൽ വോട്ടുകൾ പോയത് കോൺഗ്രസിനെന്നതും ശ്രദ്ധേയമാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിന് നിൽക്കക്കള്ളിയില്ലാതെയാണ് ഹിന്ദുത്വ കാർഡ് ഇറക്കി പ്രതിരോധിക്കേണ്ടി വന്നത്.
എന്നാൽ കോൺഗ്രസ് അഴിച്ചുവിട്ട അഴിമതിക്കൊടുങ്കാറ്റിൽ ബിജെപിയുടെ കേരളത്തെ ചൂണ്ടിക്കാണിക്കലും മതസാമുദായിക സംവരണം ഉയർത്തിക്കാട്ടലും എല്ലാം വിഫലമാവുകയായിരുന്നു.
’40 ശതമാനം കമ്മിഷൻ സർക്കാർ’ ആണ് ബിജെപിയുടെത് എന്നതായിരുന്നു കോൺഗ്രസിന്റെ മുഖ്യ പ്രചരാണായുധം. അഴിമതിക്കേസിൽ വിരുപാക്ഷപ്പ അറസ്റ്റിലായതും ബില്ല് മാറാൻ കമ്മിഷൻ ആവശ്യപ്പെട്ടെന്നാരോപിച്ച് കാരാറുകാരൻ ആത്മഹത്യചെയ്തതും ബിജെപിക്ക് തിരിച്ചടിയായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ നടന്ന സർവേകളെല്ലാം ബിജെപിക്കെതിരായിരുന്നു. മോഡിയെ കാണാനെത്തിയ ജനക്കൂട്ടത്തെ കണ്ട് ബിജെപി ആശ്വസിച്ചെങ്കിലും അതൊന്നും വോട്ടായില്ല. ഭരണവിരുദ്ധ വികാരം അലയടിച്ചതോടെ തണ്ടൊടിഞ്ഞ് വീണിരിക്കുകയാണ് കർണാടകയിലെ താമര.
അവസാന ഫലപ്രകാരം ആകെയുള്ള 224 സീറ്റിൽ കോൺഗ്രസ് 136 സീറ്റിലെ വിജയത്തോടെ ഭരണം ഉറപ്പിച്ചിരിക്കുകയാണ്. ബിജെപിക്ക് 63 സീറ്റും ജെഡിഎസിന് 21 സീറ്റുമാണ് നേടാനായത്. മറ്റുള്ളവർ നാല് സീറ്റിലും വിജയം കണ്ടു.
Discussion about this post