ബംഗളൂരു: ഹിന്ദുത്വ കാർഡിറക്കിയിട്ടും ഏറ്റവുമധികം സമയം പ്രചാരണം നടത്തി പ്രധാനമന്ത്രി മോഡി തന്നെ നേരിട്ട് കളത്തിലിറങ്ങിയിട്ടും കോൺഗ്രസിന് വലിയ അട്ടിമറി ജയമാണ് കർണാടകയിലുണ്ടായത്. പ്രചാരണത്തിന്റെ എല്ലാ രീതികളും പയറ്റിയ ബിജെപിയെ വെല്ലുവിളിച്ചു കോൺഗ്രസ് വിജയം പിടിച്ചെടുത്തതിന് പിന്നിൽ ശക്തിയായത് പിസിസി പ്രസിഡന്റായ ഡികെ ശിവകുമാർ എന്ന അരികൊമ്പനാണ്.
പലതവണ ഇഡിയും കേന്ദ്ര അന്വേഷണ ഏജൻസികളും വേട്ടയാടിയ ഡികെ ശിവകുമാർ എന്നിട്ടും കോൺഗ്രസിനെ കൈവിട്ട് ബിജെപിയെന്ന സുരക്ഷിത താവളത്തിലേക്ക് പോയില്ല. പണവും ആൾ ബലവും ഉണ്ടായിട്ടും ബിജെപി ഭരിക്കുന്ന കാലത്ത് ഡികെ ശിവകുമാറിന് ഉറക്കമില്ലാത്ത നാളുകളായിരുന്നു. 2019 ൽ കോൺഗ്രസിൽ നിന്ന് എംഎൽഎമാരെ ഓപ്പറേഷൻ താമര നടത്തി ബിജെപി സർക്കാരുണ്ടാക്കിയപ്പോൾ സർക്കാരിനെ രക്ഷിക്കാൻ സകല അടവും പയറ്റിയെങ്കിലും ഡികെയ്ക്ക് വിജയിക്കാനായില്ല. പക്ഷെ അന്നുതൊട്ട് ഡികെ 2023 ലേക്കുള്ള തന്ത്രങ്ങൾ പ്ലാൻ ചെയ്യുകയായിരുന്നു.
പിന്നീട് ബിജെപിയെ താഴെയിറക്കാനായി ഡികെ ശിവകുമാർ ഊണും ഉറക്കവും ഉപേക്ഷിച്ച് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി. ഒടുവിൽ കോൺഗ്രസ് വിജയം കൊയ്തപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളും ഇനി ഞാൻ ഉറങ്ങട്ടെ എന്നായിരുന്നു. ശക്തി കേന്ദ്രങ്ങളിലടക്കം ബിജെപിയുടെ അടിതെറ്റിക്കാൻ കോൺഗ്രസ് ഒറ്റക്കെട്ടായി ഇറങ്ങിയത് ഡികെ എന്ന ശക്തിയുടെ പിൻബലത്തിലാണ്.
മുൻപും കർണാടകയ്ക്ക് പുറമെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രതിസന്ധിയിലായ സമയത്തൊക്കെ ഡികെ ശിവകുമാർ സഹായത്തിനെത്തിയിരുന്നു. വീരനായകനായി മാറിയ ഡികെ ഇനി കർണാടക ഭരിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. നാൽപതിനായിരത്തിലേറെ വോട്ടുകൾക്കാണ് ഡികെയുടെ വിജയം. കോൺഗ്രസിലെ പല നേതാക്കളും സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ജനമനസിലെ വീരനായകനായ ഡികെ തന്നെ മുഖ്യമന്ത്രി ആകുമോ എന്ന് ഇനി ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായി കോൺഗ്രസും ബിജെപിയും വിലയിരുത്തിയ ഈ തെരഞ്ഞെടുപ്പിലെ പരാജയം ബിജെപിക്ക് ഇരട്ടപ്രഹരമായിരിക്കുകയാണ്. തെന്നിന്ത്യയിൽ നിന്നും ബിജെപി പാടെ തുടച്ചുമാറ്റപ്പെട്ട തിരഞ്ഞെടുപ്പ് ഫലം കൂടിയാണ് ഇത്.
നിലവിൽ കോൺഗ്രസ് 133 സീറ്റുകളിൽവിജയം ഉറപ്പിച്ചിരിക്കുകയാണ്. ഒറ്റയ്ക്ക് ഭരിക്കാനുള്ള 113 എന്ന മാന്ത്രിക സംഖ്യ കടന്ന കോൺഗ്രസ് തുടക്കം മുതൽ വലിയ ആത്മവിശ്വാസത്തിലാണ്. അതേസമയം, ബിജെപിയാകട്ടെ 65 സീറ്റിൽ ഒതുങ്ങി. ജെഡിഎസിന് 22 സീറ്റ് നേടിയപ്പോൾ 5 സീറ്റിൽ സ്വതന്ത്രർ മുന്നേറുകയാണ്.