ഭോപ്പാൽ: അനദികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർ തന്നെ ഈ സർക്കാർ ഉദ്യോഗസ്ഥ വാങ്ങി കൂട്ടിയ സ്വത്തുവകകൾ കണ്ട് ഞെട്ടിയിരിക്കുകയാണ്. 30000 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ നടന്ന റെയ്ഡിലാണ് കോടിക്കണക്കിന് രൂപയുടെ സ്വത്ത് പിടിച്ചെടുത്തത്.
ഹൗസിങ് കോർപ്പറേഷനിലെ ഒരു വനിതാ അസിസ്റ്റന്റ് എഞ്ചിനീയറാണ് ഏഴ് ആഡംബര കാറുകൾ ഉൾപ്പടെ 20 വാഹനങ്ങൾ, 30 ലക്ഷം രൂപയുടെ ടിവി, 20000 ചതുരശ്ര അടി ഭൂമി, വിലപിടിപ്പുള്ള ഗിർ ഇനത്തിൽപ്പെട്ട പന്ത്രണ്ടോളം കന്നുകാലികൾ തുടങ്ങിയ കോടികളുടെ സ്വത്തുവകകൾ സ്വന്തമാക്കിയത്.
ഇവിടെ നടത്തിയ റെയ്ഡിൽ ലോകായുക്ത പ്രത്യേക പോലീസ് സംഘമാണ് സ്വത്ത് കണ്ടുകെട്ടിയത്. മധ്യപ്രദേശ് പോലീസ് ഹൗസിങ് കോർപ്പറേഷനിലെ ഒരു വനിതാ അസിസ്റ്റന്റ് എഞ്ചിനീയറായ ഹേമ മീണയ്ക്ക് എതിരെയാണ് അന്വേഷണം. ഇവരുടെ വീട്ടിൽ നിന്നും ഏഴ് കോടിയോളം രൂപയുടെ വസ്തുവിവരങ്ങളുടെ രേഖകൾ പിടിച്ചെടുത്തു.
കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയറാണ് ഹേമ മീണ. മീണയുടെ പ്രതിമാസ ശമ്പളം 30,000 രൂപ മാത്രമാണ്. ഏഴ് വർഷം മാത്രം സർവീസിലിരുന്ന ഇവർ ഇത്രയേറെ സ്വത്ത് സമ്പാദിച്ചത് ഞെട്ടലുണ്ടാക്കുകയാണ്. മീണയുടെ വീട്ടിൽ നിന്നും 30 ലക്ഷം രൂപ വില വരുന്ന പുത്തൻ സ്മാർട്ട് ടിവിയും കണ്ടുകെട്ടിയിട്ടുണ്ട്.
ഭോപ്പാലിൽ പിതാവിന്റെ പേരിൽ 20,000 ചതുരശ്ര അടി ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതോടെ ഇവർ കുടുംബാംഗങ്ങളുടെ പേരിലാണ് അധികവും സ്വത്ത് സമ്പാദിച്ചിട്ടുള്ളത് എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കൂടുതൽ ആസ്തികൾ വെളിപ്പെടാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. വ്യാഴാഴ്ച മാത്രം നടത്തിയ റെയ്ഡിലാണ് ഏഴ് കോടിയുടെ സ്വത്ത് വകകൾ കണ്ടെത്തിയിരിക്കുന്നത്.
Discussion about this post